രണ്ട് ഗോൾ ലീഡ് എടുത്തിട്ടും ജയിക്കാൻ ആയില്ല, ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ എസ് എല്ലിൽ എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. 2-2 എന്ന നിലയിൽ ആണ് മത്സരം അവസാനിച്ചത്. തുടക്കത്തിൽ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയുമായി കളി അവസാനിപ്പിക്കേണ്ടി വന്നത്.

ഗംഭീര ഗോളുകൾ കണ്ട മത്സരം ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കോടെയാണ് തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ വാസ്കസ് നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ സഹലിന് പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. എങ്കിലും അധികം താമസിച്ചില്ല കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കണ്ടെത്താൻ അധിക സമയമായില്ല. പത്താം മിനുട്ടിൽ ലൂണ എടുത്ത ഒരു കോർണറിൽ നിന്ന് പവർഫുൾ ഹെഡറിലൂടെ ജീക്സൺ സിംഗ് വലയിൽ എത്തിച്ചു.

20ആം മിനുട്ടിൽ ആണ് ലൂണയുടെ അത്ഭുത ഗോൾ പിറന്നത്‌ 25വാരെ അകലെ നിന്ന് ലൂണ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മനോഹരമായി വലയിൽ പതിച്ചു. സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി ലൂണയുടെ ഈ ഗോൾ. താരത്തിന്റെ സീസണിലെ രണ്ടാം ഗോളാണിത്. ഈ ഗോൾ വന്ന് നാലു മിനുട്ടുകൾക്ക് അകം ഗോവ ഒരു ഗോൾ മടക്കി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നല്ല ടേണോടെ ആയിരുന്നു ഓർടിസിന്റെ സ്ട്രൈക്ക്. ഈ ഗോൾ ബ്ലാസ്റ്റേഴ്സിനു മേൽ സമ്മർദ്ദം ഉയർത്തി.

32ആം മിനുട്ടിൽ സഹലിന് ഒരു സുവർണ്ണവസരം കൂടെ ലഭിച്ചു. ലൂണ നൽകിയ ഹെഡർ ഗോൾ പോസ്റ്റിന് മുന്നിൽ വെച്ചാണ് സഹൽ നഷ്ടപ്പെടുത്തിയത്. 37ആം മിനുട്ടിൽ മറ്റൊരു അത്ഭുത ഗോൾ കൂടെ പിറന്നു. എഡു ബേഡിയ കോർണറിൽ നിന്ന് ഒളിമ്പിക് ഗോളാണ് നേടിയത്. എഡുബേഡിയയുടെ കോർണർ നേരെ വലയിൽ എത്തുക ആയിരുന്നു. ഇതോടെ സ്കോർ 2-2 എന്നായി.

41ആം മിനുട്ടിൽ ഡിയസും ഗ്ലെൻ മാർടിൻസും തമ്മിൽ കൊമ്പു കോർത്തത് റഫറിയുടെ വിവാദ തീരുമാനത്തിന് കാരണമായി. ഗ്ലെൻ മാർടിൻസിനും ഡിയസിനും മഞ്ഞ കാർഡ് കൊടുക്കുന്നതിന് പകരം റഫറി ഗ്ലെൻ മാർടിൻസിനും ലെസ്കോവിചിനും ആണ് മഞ്ഞ കാർഡ് കൊടുത്തത്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തിന് കാരണമായത്.

രണ്ടാം പകുതിയിൽ മോശം റഫറിയിങ്ങും ഫൗളും കളിയുടെ വേഗത കുറച്ചു. ബ്ലാസ്റ്റേഴ്സ് താരം ലൂണക്ക് പരിക്കേൽക്കുന്നതും കാണാൻ ആയി. ഡിയസിന്റെ ക്രോസിൽ നിന്ന് ചെഞ്ചോയ്ക്ക് ഒരു നല്ല അവസരം കിട്ടിയിരുന്നു എങ്കിലും ഭൂട്ടാനീസ് സ്ട്രൈക്കറിന്റെ ഫസ്റ്റ് ടച്ച് നിരാശ നൽകി. 87ആം മിനുട്ടിലെ എഡു ബേഡിയയുടെ ഫ്രീകിക്ക് ബാറിൽ തട്ടി പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.94ആം മിനുട്ടിൽ ഓർടിസിന്റെ ഒരു ഷോട്ട് ഗിൽ സേവ് ചെയ്യുകയും ചെയ്തു.

അപരാജിത കുതിപ്പ് തുടരുക ആണ് എങ്കിലും 2 ഗോൾ ലീഡ് തുലച്ചത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ നിരാശ നൽകും. 9 മത്സരങ്ങളിൽ 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാമത് നിൽക്കുകയാണ്‌.