കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്ട്രൈക്കർ ആയിരുന്ന ദിമിത്രിസ് ദയമന്റകോസ് ക്ലബ് വിട്ടതായി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ദിമി ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ താരത്തിന്റെ ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫർ താരം ആഗ്രഹിച്ചതിന് ഏറെ താഴെ ഉള്ള ഓഫർ ആയിരുന്നു എന്ന് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ദിമിയുടെ പ്രകടനങ്ങൾക്ക് അർഹിക്കുന്ന ഓഫറല്ല ക്ലബ് നൽകിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദിമി ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല. എന്നാൽ നാലോളം ഐ എസ് എൽ ക്ലബുകൾ തന്നെ ദിമിക്ക് ആയി രംഗത്ത് ഉണ്ട്. ദിമിയുമായി അവസാന ദിവസങ്ങളിൽ ബെംഗളൂരു എഫ് സിയും ചർച്ചകൾ നടത്തിയതായാണ് വിവരങ്ങൾ. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരും ദിമിക്ക് മുന്നിൽ വൻ ഓഫറുകൾ വെച്ചിട്ടുണ്ട്.
ഈ സീസൺ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ടായിരുന്നത്. ഈ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു. ആകെ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങൾ കളിച്ച ദിമി 28 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. 7 അസിസ്റ്റും സംഭാവന ചെയ്തു.