കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ ആയിരുന്ന വരുൺ ത്രിപുരനേനി ടീം വിട്ടു. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷമാണു വരുൺ ടീം വിട്ടത്. പ്രോ കബഡി ടീമിയ തമിൾ തലൈവാസിന്റെ സി.ഇ.ഒയായ വീരൻ ഡി സിൽവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുതിയ സി.ഇ.ഒയാവും. ഐ.എസ്.എല്ലിന്റെ ആദ്യ രണ്ടു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഓ ആയിരുന്നു വീരൻ ഡി സിൽവ. വരുണിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് ഗുണമാവുമെന്ന് കരുതപ്പെട്ടെങ്കിലും കൂടുതൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ തന്നെ വരുൺ സി.ഇ.ഓ സ്ഥാനം ഒഴിയുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി റെനെ മുളൻസ്റ്റീനെ കൊണ്ട് വന്നതും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബെറ്റോവിനെ ടീമിൽ എത്തിച്ചതും വരുൺ ആയിരുന്നു. മുൻ മാനേജർ ആയിരുന്ന വരുൺ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഓ ആയി ചുമതലയേറ്റത്. വരുണിന് കീഴിൽ കഴിഞ്ഞ രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ഒൻപതാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഐ.എസ്.എല്ലിൽ ആറാം സ്ഥാനത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്.