കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെ നിരാശ നൽകുന്ന വാർത്തകളാണ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രമുഖരെയെല്ലാം ക്ലബ് കൈവിടുകയാണ് എന്ന അഭ്യൂഹങ്ങൾ സത്യമാകുന്നു. കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ലഭിച്ച വാർത്ത എന്ന രീതിയിൽ മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസാണ് കേരള ബ്ലാസ്റ്റേഴ്സിലെ കൊഴിഞ്ഞു പോക്ക് സത്യമാണെന്ന് ഇപ്പോൾ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, സി കെ വിനീത്, ഹാളിചർ നർസാരി എന്നിവരാകും ഈ ജനുവരിയിൽ ക്ലബ് വിടുക എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. സി കെ വിനീതും ഹാളിചരൺ നർസാരിയും ചെന്നൈയിൻ എഫ് സിയിലേക്കാണ് പോകുന്നത്. ഇരുവരെയും ലോൺ അടിസ്ഥാനത്തിൽ ഏറ്റെടുക്കാം എന്നാണ് ചെന്നൈയിൻ പറഞ്ഞിരിക്കുന്നത്. എ എഫ് സി കപ്പിൽ പങ്കെടുക്കേണ്ടത് ഉള്ളതിനാൽ ടീമിനെ കൂടുതൽ ശക്തമാക്കേണ്ടതുള്ളതാണ് ചെന്നൈയിനെ ഈ തീരുമാനത്തിൽ എത്തിച്ചത്. ഇരുവരും ഉടൻ തന്നെ ചെന്നൈയിനുമായി കരാർ ഒപ്പിടുമെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
അനസ് എടത്തൊടിക പൂനെ സിറ്റിയിലേക്ക് ആകും പോകുന്നത്. കേരളത്തിൽ എത്തി ഒരു സീസൺ പൂർത്തിയാക്കും മുമ്പാണ് അനസിനെ ക്ലബ് പറഞ്ഞയക്കുന്നത് എന്നത് ദയനീയ കാഴ്ചയാണ്. വളരെ ചുരുക്കം മത്സരങ്ങളിലെ അനസിന് ഈ സീസണിൽ അവസരം ലഭിച്ചിരുന്നുള്ളൂ. ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ എ ടി കെയിലേക്ക് പോകും എന്നും ഏഷ്യാനെറ്റ് പറയുന്നു.
ഈ വാർത്തകൾ ഒക്കെ ക്ലബുമായി അടുത്തുള്ളവരെ ഉദ്ദരിച്ചാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലബിന്റെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഈ നീക്കം എന്നും ഏഷ്യാനെറ്റ് പറയുന്നു. ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കടുത്ത നിരാശയിൽ ആക്കിയേക്കും.