ഏഷ്യൻ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ കൊൽക്കത്തയെ ആണ് നേരിടുക. പുതിയ പരിശീലകൻ നെലോ വിൻഗാഡയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാകും ഇത്. ഡേവിഡ് ജെയിംസിന് കീഴിൽ നിരാശകൾ ശീലമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ കീഴിൽ എങ്കിലും വിജയിച്ച് തുടങ്ങും എന്നാണ് ആരാധകർ കരുതുന്നത്.
സീസണിൽ ആകെ ഒരു ജയം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളൂ. ആ ജയം വന്നത് എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ ആയിരുന്നു. അവരെ തന്നെ വീണ്ടും തോൽപ്പിക്കാൻ ആകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. വെറും ഒമ്പത് പോയന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇനി സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ ഒന്നും ഇല്ല. ആദ്യ ആറിൽ എത്തുക ആകും ലക്ഷ്യം എന്ന് പുതിയ പരിശീലകൻ പറഞ്ഞിട്ടുമുണ്ട്.
സി കെ വിനീത്, ഹാളിചരൺ എന്നിവർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇല്ല. ഇരുവരും ചെന്നൈയിനിലേക്ക് കൂടു മാറിയിരുന്നു. പരിക്കിന്റെ പിടിയിൽ ഉള്ള അനസ് എടത്തൊടികയും ഇന്ന് കളിച്ചേക്കില്ല. റാൾട്ടെ, ബോഡോ എന്നീ താരങ്ങൾ പുതുതായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുണ്ട് എങ്കിലും ഇരുവരും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കില്ല.
മറുവശത്ത് എ ടി കെ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് 16 പോയന്റുള്ള എ ടി കെ ആദ്യ നാലിൽ എത്തും എന്ന് തന്നെയാണ് കരുതുന്നത്. പ്രിതം കൊട്ടാൽ, എഡി ഗാർസിയ എന്നിവരെ പുതുതായി ടീമിൽ എത്തിച്ച് എ ടി കെ അതിശക്തമായിട്ടുണ്ട്. ഒപ്പം കാലു ഉചെ പരിക്ക് മാറി തിരിച്ചു വന്നതും കോപ്പൽ ആശാന്റെ ടീമിന്റെ കരുത്ത് കൂട്ടും.