കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ വിജയ തുടക്കം. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് നേടിയത്. വിദേശ താരം ലൂണയും ഇവാനും രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് 3 പോയിന്റ് കേരള ബ്ലാസ്റ്റേഴ്സിന് നൽകിയത്.
കലൂരിൽ ഇന്ന് ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഇരു ടീമുകളും ആക്രമിച്ച് കൊണ്ട് തന്നെ മത്സരത്തെ തുടക്കത്തിൽ സമീപിച്ചു. നാലാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോർണർ. ലൂണയുടെ മികച്ച ഡെലിവറി ബാക്ക് ബോക്സിൽ ലെസ്കോവിചിനെ കണ്ടെത്തി എങ്കിലും അദ്ദേഹത്തിന്റെ ഹെഡർ ടാർഗറ്റിൽ എത്തിയില്ല.
ഏഴാം മിനുട്ടിൽ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ ശ്രമം വന്നു. അലെക്സ് ലിമയുടെ ഇടം കാലൻ ഷോട്ട് ഗിൽ തട്ടിയകറ്റി.
9ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവർണ്ണാവസരം ലഭിച്ചു. ജെസ്സൽ ഇടതു വിങ്ങിൽ നിന്ന് പന്ത് കൈഒകലാക്കി നടത്തിയ മുന്നേറ്റം. പെനാൾട്ടി ബോക്സിൽ വെച്ച് ജെസ്സൽ നൽകിയ ക്രോസ് അപോസ്തൊലിസിനെ കണ്ടെത്തി എങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തു പോയി.
26ആം മിനുട്ടിൽ ഇടത് വിങ്ങിലൂടെ കുതിച്ചെത്തി ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് മാറ്റി ബോക്സിന് തൊട്ട് പുറത്ത് നിൽക്കുന്ന പൂട്ടിയക്ക് കൈമാറി. പൂട്ടിയയുടെ ഷോട്ടും ടാർഗറ്റിൽ എത്തിയില്ല.
41ആം മിനുട്ടിൽ ലൂണ എടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാൾ കീപ്പർ കമൽജിതിനെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും അദ്ദേഹം കളി സമനിലയിൽ തന്നെ നിർത്തി.
രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്ക് എന്നതായിരുന്നു ബ്ലാസ്റ്റേഴ്സ് പ്ലാൻ. ആദ്യ മിനുട്ടുകളിൽ തന്നെ കമൽജിതിന് ഒരു ഗംഭീര സേവ് നടത്തേണ്ടി വന്നു. അപോസ്തലിസ് ആയിരുന്നു ഗോളിന് അടുത്ത് എത്തിയത്. 53ആം മിനുട്ടിൽ അപോസ്തോലിസിന്റെ വലതു വിങ്ങിൽ നിന്നുള്ള ക്രോസ് ലൂണയുടെ കാലൊലേക്ക് എത്തി. കളിയിൽ അതുവരെ പിറന്ന ഏറ്റവും നല്ല അവസരം പക്ഷെ ലൂണക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
57ആം മിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് പന്ത് കൈക്കലാക്കി പൂട്ടിയ നടത്തിയ റൺ ഈസ്റ്റ് ബംഗാളിന്റെ പെനാൾട്ടി ബോക്സിന് മുന്നിൽ വരെ എത്തി. അവിടെ വെച്ച് പന്ത് അപോസ്തൊലിസിന് നൽകി. താരത്തിന്റെ കേർലിംഗ് ഷോട്ടും ഗോൾ വലയിൽ എത്തിയില്ല.
61ആം മിനുട്ടിൽ മലയാളി താരം സുഹൈറിനെ പിൻവലിച്ച് കൊണ്ട് സെമ്പോയ് ഹാവോകിപിനെ ഈസ്റ്റ് ബംഗാൾ കളത്തിൽ ഇറക്കി. 70ആം മിനുട്ടിൽ സഹലിന് പകരം രാഹുൽ കെപിയും കളത്തിൽ ഇറക്കി.
72ആ മിനുട്ടിൽ കാത്തിരുന്ന ഗോൾ എത്തി. ഹർമഞോത് ഖാബ്ര നൽകിയ ഒരു ലോംഗ് ബോൾ ഈസ്റ്റ് ബംഗാൾ ഡിഫൻസീവ് ലൈൻ മറികടന്ന് മുന്നേറിയ ലൂണയുടെ കാലുകളിൽ. ലൂണയുടെ ഒരു ഡൈവിംഗ് ഫിനിഷ് സീസണിൽ ആദ്യ ഗോളായി മാറി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.
ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് ഇവാനെയും ബിദ്യാസാഗറിനെയും കളത്തിൽ ഇറക്കി. ഇവാൻ തന്റ്വ് ആദ്യ നീക്കം തന്നെ ഗോളാക്കി. മധ്യനിരയിൽ നിന്ന് പന്ത് കൈക്കലാക്കി ഒരു മാജിക് റണിലൂടെ ഇവാൻ ഐ എസ് എല്ലിന് തന്നെ പരിചയപ്പെടുത്തി കൊടുത്തു. ഒറ്റക്ക് മുന്നേറിയുള്ള ഒരു ഫിനിഷ്. സ്കോർ 2-0.
87ആം മിനുട്ടിൽ ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി എങ്കിലും ബ്ലാസ്റ്റേഴ്സ് പതറിയില്ല. 89ആം മിനുട്ടിൽ ഇവാന്റെ രണ്ടാം ഗോൾ. ആരും ഞെട്ടുന്ന ഒരു സ്ക്രീമർ. കേരള ബ്ലാസ്റ്റേഴ്സ് 3-1.
പിന്നെയും ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.
വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടക്കത്തിൽ തന്നെ എത്തി. ഇനി ഒക്ടോബർ 16ന് എ ടി കെ മോഹൻ ബഗാനെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.