ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങുന്നു. ബാംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ ഒരു വമ്പൻ ജയം ലക്ഷ്യമാക്കിയാണ് കിബു വികൂനയും മഞ്ഞപ്പടയും ഇറങ്ങുന്നത്. മൂന്നാം മത്സരത്തിലെങ്കിലും ഒരു ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.
സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി കളത്തിൽ ഇറങ്ങിയെങ്കിലും ജയം നേടാൻ ആകാത്തത് ബ്ലാസ്റ്റേഴ്സിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ആദ്യ കളിയിൽ എടികെ മോഹൻ ബഗാനോട് റോയ് കൃഷ്ണയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ പകുതിയിലെ രണ്ട് ഗോൾ ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ആവേശകരമായ മത്സരം ഒടുവിൽ സമനിലയിൽ ആണ് കലാശിച്ചത്. ഹൂപ്പറിന്യ്ം സിഡോയ്ക്കും പന്ത് വലയിൽ എത്തിക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നെങ്കിലും കളിക്കളത്തിലെ ചെറിയ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന് ഗോൾ വഴങ്ങാൻ കളമൊരുക്കിയത്.
അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ പരമ്പരാഗത റൈവലുകളായ ചെന്നൈയിൻ ജയിച്ചാണ് ഈ സീസൺ തുടങ്ങിയത്. ഐഎസ്എല്ലിലെ ആവേശകരമായ ഒരു മത്സരത്തിൽ ഒന്നിനെതുരെ രണ്ട് ഗോളുകൾക്കാണ് ജെംഷദ്പൂർ എഫ്സിയെ ചെന്നൈയിൻ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സും ചെന്നൈയിനും ഐഎസ്എല്ലിൽ ഇതിന് മുൻപ് 14 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 6 ജയം രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. 5 സമനിലകൾ പിറന്നപ്പോൾ 3തവണ ബ്ലാസ്റ്റേഴ്സ് ജയിച്ചു. മലയാളി യുവതാരങ്ങളായ സഹലും രാഹുലും ഇന്നിറങ്ങുമോ എന്നതിനെ കുറിച്ച് വ്യക്തമായ സൂചകൾ ഒന്നും വികൂന നൽകിയിട്ടില്ല. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള രണ്ട് മത്സരങ്ങും ജയിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30നാണ് കിക്കോഫ്.