ചിരവൈരികളായ ബെംഗളൂരുവിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് കണ്ട ഏറ്റവും മികച്ച അറ്റാക്കിംഗ് പ്രകടനങ്ങളിൽ ഒന്നുമായി ഇന്നത്തെ മത്സരം.
ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ നിൽക്കുകയാണ്. കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് ഡിസിപ്ലേ കണ്ട ആദ്യ പകുതിയിൽ ഒരു വിവാദ പെനാൾട്ടി ആണ് ബെംഗളൂരുവിന് ഒരു ഗോൾ നൽകിയത്.
കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ നന്നായാണ് തുടങ്ങിയത്. ദിമിത്രിയീസ് തുടക്കത്തിൽ തന്നെ ബെംഗളൂരു പെനാൾട്ടി ബോക്സിൽ ആശങ്ക ഉണ്ടാക്കി. എന്നാൽ ആദ്യ ഗോൾ വന്നത് ബെംഗളൂരുവിൽ നിന്നാണ്. അതും അവർ അർഹിക്കാത്ത ഗോൾ. റഫറിയുടെ വിവാദ പെനാൾട്ടി വിധി ബെംഗളൂരുവിന് തുണയായി. ഗിൽ ഫൗൾ ചെയ്തു എന്ന് പറഞ്ഞായിരുന്നു പെനാൾട്ടി വിധിച്ചത് എങ്കിലും റിപ്ലേയിൽ അത് പെനാൾട്ടി അല്ല എന്ന് വ്യക്തമായിരുന്നു.
പെനാൾട്ടി എടുത്ത സുനിൽ ഛേത്രി ഗോൾ നേടി ബെംഗളൂരുവിനെ മുന്നിൽ എത്തിച്ചു. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾ കണ്ടു. 21ആം മിനുട്ടിൽ രാഹുൽ കെ പി ഒരു വലിയ അവസരം തുലച്ചു. ആ ഗോൾ പിറന്നിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്ത എക്കാലത്തെയും മികച്ച ടീം ഗോളുകളിൽ ഒന്നാകുമായിരുന്നു.
ഇതിനു പിന്നാലെ ലൂണയുടെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. 25ആം മിനുട്ടിൽ ലെസ്കോവിചിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. സന്ദീപ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ബെംഗളൂരു ഡിഫൻസിന് പറ്റാതായപ്പോൾ അവസരം മുതലെടുത്ത് ലെസ്കോവിച് സമനില നേടുക ആയിരുന്നു.
ഇതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കുകൾ കണ്ടു. 30ആം മിനുട്ടിൽ ദിയമെന്റകോസിന് വീഴ്ത്തിയതിന് ഒരു പെനാൾട്ടി അപ്പീൽ വന്നെങ്കിലും അതു റഫറി നിഷേധിച്ചു.
43ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് അർഹിച്ച ലീഡ് നേടി. ഇടതു വിങ്ങിൽ നിന്ന് വന്ന ലൂണയുടെ പാസ് ദിമിത്രിയോസ് ലക്ഷ്യത്തിൽ എത്തിച്ചു. ദിമിത്രിയോസ് തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ കണ്ടെത്തി. സ്കോർ 2-1.
രണ്ടാം പകുതിയിൽ ബെംഗളൂരു ടാക്ടിക്സിൽ ചില മാറ്റങ്ങൾ വരുത്തി എങ്കിലും അധികം അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് 66ആം മിനുട്ടിൽ ഇവൻ കലിയുഷ്നിയെ മാറ്റി ജിയാനുവിനെ ഇറക്കി. കളത്തിൽ മൂന്ന് മിനുട്ടുകൾക്ക് അകം ജിയാനു ഗോൾ നേടി. ദിമിത്രിയോസിന്റെ മനോഹരമായ പാസ് സ്വീകരിച്ച് മുന്നേറി ആയിരുന്നു ജിയാനുവിന്റെ ഫിനിഷ്. സ്കോർ 3-1.
ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾ വന്നു. 74ആം മിനുട്ടിൽ ദിമിയുടെ ഒരു ഷോട്ട് കഷ്ടപ്പെട്ടാണ് ഗുർപ്രീത് തടഞ്ഞത്. 81ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു ഒരു ഗോൾ കൂടെ തിരിച്ചടിച്ചു. ഒരു വോളിയുലൂടെ ആയിരുന്നു ഹാവിയുടെ ഗോൾ. സ്കോർ 3-2
അവസാന നിമിഷങ്ങളിൽ ചെറിയ സമ്മർദ്ദം ഉണ്ടായെങ്കിലും ജയം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 18 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. ബെംഗളൂരു ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.