കാന്റെയും കൊവാചിചും പരിക്ക് മാറി എത്തി, ഫൈനലിന് ഇറങ്ങും

Newsroom

ഇന്ന് എഫ് എ കപ്പ് ഫൈനലിന് ഇറങ്ങുന്ന ചെൽസിക്ക് വലിയ ഊർജ്ജമാണ് ലഭിച്ചിരിക്കുന്നത്. അവരുടെ മധ്യനിരയിൽ പ്രധാന രണ്ടു താരങ്ങൾ ഫിറ്റ്നെസ് വീണ്ടെടുത്തു. അവസാന കുറേ ആഴ്ചകളായി കളത്തിൽ ഇല്ലാതിരുന്ന കൊവാചിചും കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കാന്റെയും ഫിറ്റ്നെസ് വീണ്ടെടുത്തതായി ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു. അവസാന 11 മത്സരങ്ങളിൽ കൊവാചിച് ചെൽസിക്ക് ഒപ്പം ഇല്ലായിരുന്നു.

കൊവാചിചിന്റെ വരവ് ടീമിന് വലിയ ശക്തി നൽകും എന്ന് ചെൽസി പരിശീലകൻ പറഞ്ഞു. കൊവാചിച് ടീമിൽ ഒരു ലീഡർ ആണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ടീമിന് ഈ ഫൈനലിൽ അത്യാവശ്യമാണ് എന്നും ടൂഹൽ പറഞ്ഞു. കാലിന് അനുഭവപ്പെട്ട വേദന കൊണ്ടായിരുന്നു കാന്റെ ആഴ്സണലിന് എതിരായ മത്സരത്തിൽ കളിക്കാതിരുന്നത്. കാന്റെയില്ലാതിരുന്ന മത്സരം ചെൽസി തോൽക്കുകയും ചെയ്തിരുന്നു. കാന്റെയുടെ മുൻ ക്ലബ് കൂടിയായ ലെസ്റ്ററിനെ ആണ് ചെൽസി ഇന്ന് നേരിടുന്നത്.