ഒടുവിൽ ജയം!!! ആര്‍സിബിയ്ക്ക് വിജയം സമ്മാനിച്ച് കനിക അഹുജ

Sports Correspondent

വനിത പ്രീമിയര്‍ ലീഗിലെ ആദ്യ ജയം സ്വന്തമാക്കി ആര്‍സിബി. ഇന്ന് യുപി വാരിയേഴ്സിനെതിരെ തുടക്കത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും കനിക അഹുജയുടെ ബാറ്റിംഗ് മികവിലാണ് ആര്‍സിബിയുടെ കന്നി ജയം. യുപിയെ 135 റൺസിൽ പിടിച്ചുകെട്ടിയ ശേഷം 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബിയുടെ വിജയം.

ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് തുടക്കം സോഫി ഡിവൈന്‍ നൽകിയെങ്കിലും ഓവറിലെ അവസാന പന്തിൽ താരം 14 റൺസ് നേടി പുറത്താകുകയായിരുന്നു.  തൊട്ടടുത്ത ഓവറിൽ സ്മൃതി മന്ഥാനയെ നഷ്ടമായ ആര്‍സിബിയെ 29 റൺസ് കൂട്ടുകെട്ടുമായി എൽസെ പെറി – ഹീത്തര്‍ നൈറ്റ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും പെറിയും(10) നൈറ്റും(24) പുറത്തായപ്പോള്‍ ആര്‍സിബി 60/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് കനിക അഹുജ – റിച്ച ഘോഷ് കൂട്ടുകെട്ട് 60 റൺസ് നേടി ടീമിനെ വിജയത്തിനടുത്തേക്ക് എത്തിക്കുകയായിരുന്നു. 30 പന്തിൽ 46 റൺസ് നേടിയ കനിക അഹുജ ആണ് ആര്‍സിബിയുടെ വിജയ ശില്പി. റിച്ച ഘോഷ് 31 റൺസ് നേടി താരത്തിന് മികച്ച പിന്തുണ നൽകി.