ഇന്ത്യ ആതിഥ്യമരുളിയ രണ്ടാമത്തെ ഫിഫ ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. അണ്ടർ 17 വനിതാ ലോകകപ്പിന് തിരശ്ശീല വീഴുമ്പോൾ സ്പാനിഷ് പെൺകുട്ടികൾ കപ്പിൽ മുത്തമിട്ടു. ഇന്ത്യ പങ്കെടുത്ത രണ്ടാമത്തെ ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയാൽ ഈ ടൂർണമെന്റ് വേറിട്ടുനിൽക്കുന്നു; വലിയ ജനപ്രീതിയൊന്നും നേടാനായില്ലെങ്കിലും.
ഇന്ത്യയെ തേടിവന്ന ലോകകപ്പല്ലേ, എങ്ങനെ കാണാതിരിക്കും എന്ന ചിന്തയിലാണ് ഭുവനേശ്വറിലേക്ക് വണ്ടി കയറിയത്. നാലും മൂന്നും ഏഴ് ഹിന്ദി വാക്കുകളും സുഹൃത്ത് സുഫിയാനുമായിരുന്നു പോകുമ്പോൾ കൂടെ. ഒക്ടോബർ 9 ന് യാത്ര തിരിച്ച ഞങ്ങൾക്ക് ഇന്ത്യ-യുഎസ്എ, യുഎസ്എ-ബ്രസീൽ, ഇന്ത്യ-മൊറോക്കോ മൽസരങ്ങൾ കാണാൻ കഴിഞ്ഞു. ജീവിതത്തിലാദ്യമായി ഒരു ഫിഫ ലോകകപ്പ് കാണാൻ കഴിഞ്ഞു എന്ന നിർവൃതി ഒരുവശത്ത്. ചറപറ ഗോളുകൾ കണ്ടു എന്നത് വേറൊന്ന് (ഗോളുകൾ ഒട്ടുമുക്കാലും ഇന്ത്യയുടെ വലയിലാണ് കേറിയതെങ്കിലും).
വനിതാ ഫുട്ബോൾ ഇന്ത്യയിൽ അത്യുന്നതിയിൽ നിൽക്കുന്ന ഘട്ടമായത് കൊണ്ടുതന്നെ, കൊള്ളാവുന്ന മത്സരഫലങ്ങൾ പ്രതീക്ഷിച്ചിരുന്നു. കുറഞ്ഞത് ഒരു ഗോളെങ്കിലും ടൂർണമെന്റിൽ സ്കോർ ചെയ്യാനാവും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ തന്നെ കളിമറന്ന ഇന്ത്യയെയാണ് കാണികൾ വീക്ഷിച്ചത്. രണ്ടാമങ്കത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കിലും അവസാന മത്സരത്തിലും വൻതോൽവി ഏറ്റുവാങ്ങി. മൂന്ന് കളികളിൽ നിന്നായി 16 ഗോളുകൾ വലയിൽ! ഒറ്റയെണ്ണം തിരിച്ചടിക്കാൻ കഴിഞ്ഞില്ല നീലക്കുപ്പായക്കാർക്ക് എന്നത് വലിയ നിരാശയായി.
ഒഡീഷ സർക്കാർ സ്പോർട്സിന് നൽകുന്ന സഹകരണം സുവിദിതമാണല്ലോ. ഹോക്കി, ഫുട്ബോൾ ടീമുകൾക്ക് സ്പോൺസർഷിപ്പടക്കം കലവറയില്ലാത്ത പിന്തുണയാണ് നവീൻ പട്നായിക് സർക്കാർ നല്കിവരുന്നത്. കലിംഗ സ്റ്റേഡിയത്തിനടുത്തുള്ള ബസ് സ്റ്റോപ്പുകളെല്ലാം ലോകകപ്പ് പരസ്യങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വഴിനീളെ ജ്വല്ലറി പരസ്യങ്ങളെ അനുസ്മരിപ്പിക്കും വിധം ലോകകപ്പ് ബിൽബോർഡുകൾ. ലോകകപ്പ് ഉദ്ഘാടന വേളയിലും മുഖ്യമന്ത്രി സന്നിഹിതനായിരുന്നു. ‘Odisha: India’s Best Kept Secret’ എന്ന ക്യാപ്ഷൻ മിക്ക ഇന്ത്യക്കാരും കണ്ടിട്ടുള്ളത് ദേശീയ ടീമുകളുടെ ജേഴ്സിയിലായിരിക്കും എന്നത് ആശ്ചര്യമുള്ളൊരു കാര്യമല്ല.
ഡൽഹി ഡൈനാമോസ് സാമ്പത്തിക പ്രതിസന്ധിയാൽ പുതിയ തട്ടകം അന്വേഷിച്ചപ്പോൾ കണ്ണിലുടക്കിയത് ഒഡിഷയായിരുന്നുവെന്നത് നമുക്കറിയാം. ഇക്കഴിഞ്ഞ ഇന്ത്യൻ വുമൺസ് ലീഗിൽ ഒഡിഷയിലെ 3 ടീമുകളാണ് പന്തുതട്ടിയത്. ഒഡീഷ എഫ്സിയുടെ വനിതാ ടീം കൂടി രൂപീകരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. ആദ്യ സൈനിങ്ങായി അവരുടെ ലോക്കൽ ഹീറോയിൻ കൂടിയായ ദേശീയ താരം പ്യാരി സാക്സയെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
രസകരമായ ഒരുപിടി അനുഭവങ്ങളും ഒഡിഷയിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിലുണ്ട്. ഇംഗ്ലീഷ് തീരെ അറിയാത്ത ധാരാളം സാധാരണക്കാരുണ്ടിവിടെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികൾ വളരെ കുറവുമാണ്. ഹിന്ദി അറിയാതെ കേരളത്തിന് പുറത്തു പോകുന്നത് വളരെ പ്രയാസമുള്ള അനുഭവമായിരിക്കുമെന്ന് ഒഡീഷ യാത്ര പലവുരു ഓർമ്മിപ്പിച്ചു. അവിടുത്തെ രുചികളും വേഗത്തിൽ ഞങ്ങളെ മടുപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുൻപായി പുരി ജഗന്നാഥ ക്ഷേത്രവും കൊണാർക്ക് സൺ ടെംപിളും കണ്ടു. പൗരാണിക ഇന്ത്യയുടെ വാസ്തു വിസ്മയങ്ങൾ!
ഒരു ഗോളെങ്കിലും തിരിച്ചടിച്ചിരുന്നെങ്കിൽ എന്ന പരിഭവം തന്നെയാണ് മനസ്സിനെ മഥിക്കുന്നത്. എത്ര വാങ്ങിക്കൂട്ടിയാലും സാരമില്ലായിരുന്നു. മൊറോക്കോയ്ക്കെതിരെയെങ്കിലും ഒരു ഗോളടിച്ചിരുന്നെങ്കിൽ! ആയൊരു നിമിഷം മതിയായിരുന്നു കാലങ്ങളോളം അതീവസന്തോഷത്തോടെ ഒഡീഷ യാത്രയെ ഓർത്തിരിക്കാൻ. ജീക്സൻ സിങ് അണ്ടർ 17 ലോകകപ്പിൽ കൊളംബിയക്കെതിരെ ഗോളടിച്ചത് ഓർമ്മവരുന്നു. അങ്ങനെയൊരു നിമിഷം ഒഡിഷയിൽ സംഭവിച്ചില്ല എന്നതാണ് മടക്കവണ്ടിയിലെ ഏറ്റവും വലിയ നിരാശ.
എങ്കിലും ഇന്ത്യ ഒരു ലോകകപ്പ് കൂടി കളിച്ചിരിക്കുന്നു. ഇതെഴുതുന്നയാളെ സംബന്ധിച്ചിടത്തോളം സ്വകാര്യ സന്തോഷമായി ഒരു ഫിഫ ലോകകപ്പിന് സാക്ഷിയായിരിക്കുന്നു. ഇതിലും മികച്ച മത്സരഫലങ്ങൾ ഭാവിയിൽ വരുമായിരിക്കും. വരിക തന്നെ ചെയ്യും. പ്രതീക്ഷയില്ലാതെ എന്ത് ഫുട്ബോൾ!
മംഗളൂരു സെൻട്രൽ എക്സ്പ്രസ് പയ്യെ നിലച്ചു. സാധനങ്ങൾ നിറഞ്ഞ ബാഗും ഓർമ്മകൾ തുളുമ്പുന്ന ഹൃദയവുമായി ഞാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.