ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്കിയുടെയും കിയേസയുടെയും പ്രകടനമാണ് യുവന്റസിന് കരുത്തായത്. അവസാന രണ്ടു സീസണുകളിലും യുവന്റസിന് വിജയിക്കാൻ കഴിയാത്ത കിരീടമാണിത്.
ഇന്ന് 31ആം മിനുട്ടിൽ ആണ് യുവന്റസ് ലീഡ് എടുത്തത്. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുലുസവേസ്കിയാണ് യുവന്റസിന് ലീഡ് നൽകിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി നൽകാൻ അറ്റലാന്റയ്ക്ക് ആയി. 41ആം മിനുട്ടിൽ മലിനവോസ്കിയാണ് അറ്റലാന്റയ്ക്ക് സമനില നൽകിയത്.
രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരുടീമുകളും ശ്രമിച്ചു. 73ആം മിനുട്ടിൽ യുവന്റസ് ആണ് രണ്ടാം ഗോൾ നേടിയത്. കുലുസവേസ്കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്കമാണ് യുവന്റസിന് വിജയ ഗോൾ നൽകിയത്. കിയേസയാണ് മനോഹര ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചത്. യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. ഈ കിരീട നേട്ടം യുവന്റസ് പരിശീലകൻ പിർലോയെ ഒരു സീസൺ കൂടെ ക്ലബിൽ തുടരാൻ സഹായിച്ചേക്കും.