യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിനെ ഞെട്ടിച്ചു സ്റ്റുഗാർട്ട്. എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്റസ് സ്വന്തം മൈതാനത്ത് പരാജയപ്പെട്ടത്. പുതിയ പരിശീലകൻ തിയാഗോ മോട്ടോക്ക് കീഴിൽ അവരുടെ സീസണിലെ ആദ്യ പരാജയം ആണ് ഇത്. ജർമ്മൻ ക്ലബ് ആധിപത്യം നേടിയ മത്സരത്തിൽ അവർ 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ യുവന്റസ് ഒരൊറ്റ ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് അടിച്ചത്. ഗോൾ കീപ്പർ പെരിന്റെ മികവ് ആണ് യുവന്റസിനെ വലിയ തോൽവിയിൽ നിന്നു രക്ഷിച്ചത്.
ഉണ്ടാവിന്റെ ഗോൾ ഹാന്റ് ബോളിന് നിരസിച്ചപ്പോൾ ജർമ്മൻ ടീമിന്റെ മികച്ച രണ്ടു ഷോട്ടുകൾ ആണ് പെരിൻ രക്ഷിച്ചത്. തുടർന്ന് 84 മത്തെ മിനിറ്റിൽ ഡാനിലോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് ഇറ്റാലിയൻ ടീമിന് വലിയ തിരിച്ചടിയായി. 86 മത്തെ മിനിറ്റിൽ എൻസോ മില്ലിറ്റിന്റെ പെനാൽട്ടി പെരിൻ രക്ഷിച്ചു. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ എൻസോ മില്ലിറ്റിന്റെ ക്രോസിൽ നിന്നു ഗോൾ കണ്ടെത്തിയ പകരക്കാരനായി ഇറങ്ങിയ എൽ ബിലാൽ ടോറെ ജർമ്മൻ ക്ലബിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു.