ടോട്ടൻഹാമിൽ അന്റോണിയോ കോന്റെ വിപ്ലവം തുടരുന്നു. ജനുവരി ട്രാൻസ്ഫർ വിപണിയിൽ തുടക്കത്തിൽ ആഗ്രഹിച്ച താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്ത നിരാശക്ക് ശേഷം യുവന്റസ് താരങ്ങളെ സ്വന്തമാക്കിയാണ് അവർ നിരാശ മായിച്ചു കളഞ്ഞത്. യുവന്റസിന്റെ യുവ സ്വീഡിഷ് മുന്നേറ്റനിര താരം ദേജൻ കുളുസവേസ്കിയെ ഒന്നര വർഷത്തെ ലോണിൽ ആണ് അവർ സ്വന്തമാക്കിയത്. 10 മില്യൺ യൂറോ ആണ് ലോണിന് ആയി ടോട്ടൻഹാം യുവന്റസിനു നൽകുക. ലോണിന് ശേഷം താരത്തെ ടോട്ടൻഹാമിനു 35 മില്യൺ യൂറോ നൽകി സ്വന്തമാക്കാനും സാധിക്കും.
സ്വീഡിഷ് താരത്തിന് ഒപ്പം യുവന്റസിന്റെ ഉറുഗ്വേ മധ്യനിര താരം റോഡ്രിഗോ ബെന്റൻകറെയും ടോട്ടൻഹാം ടീമിൽ എത്തിച്ചു. ഏതാണ്ട് 20 മില്യൺ അധികം യൂറോ നൽകിയാണ് താരത്തെ ടീമിൽ സ്ഥിരമായി എത്തിച്ചത്. ട്രാൻസ്ഫർ തുകയുടെ 30 ശതമാനം യുവന്റസ് താരത്തിന്റെ മുൻ ക്ലബ് ആയ ബൊക്കാ ജൂണിയേഴ്‌സിന് നൽകണം. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പൊരുതുന്ന ടോട്ടൻഹാമിനു ഈ ട്രാൻസ്ഫറുകൾ വലിയ കരുത്ത് ആവും.