യുവന്റസിന് സീസണിലെ ആദ്യ പരാജയം, ഇറ്റലിയിൽ ചെന്ന് വിജയം കൊയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടർ ഗോൾ കൊണ്ട് കാര്യമുണ്ടായില്ല.യുവന്റസിന്റെ ഈ സീസണിലെ അപരാജിത കുതുപ്പിന് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ അവസാനമിട്ടു. അതും ടൂറിനിൽ യുവന്റസിന്റെ ഗ്രൗണ്ടിൽ ചെന്ന്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന്റെ വിജയം ഇന്ന് സ്വന്തമാക്കിയത്.

കളി ഗോൾരഹിതമായി രണ്ടാം പകുതിയിലും മുന്നേറുമ്പോൾ ആയിരുന്നു യുവന്റസിന് ലീഡ് കൊടുത്ത റൊണാൾഡോയുടെ ഗോൾ വന്നത്. ബൊണൂച്ചി കൊടുത്ത ഒരു ലോംഗ് പാസ് ടച്ച് ചെയ്ത് സ്റ്റോപ്പ് ചെയ്യാനൊന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ നിന്നില്ല. തന്റെ പിറകിൽ നിന്ന് വന്ന ആ പന്ത് മികച്ച ടെക്നിക്കിലൂടെ വോളി സ്ട്രൈക്കിലൂടെ വലയ്ക്ക് അകത്തേക്ക്. ഡി ഹിയക്ക് പന്ത് നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ. തന്റെ മുൻ ക്ലബായിട്ട് പോലും ഗോൾ റൊണാൾഡോ ആഹ്ലാദിക്കുകയും ചെയ്തു. ഇതു മൂന്നാം തവണയാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്നത്.

രണ്ടാഴ്ച മുമ്പ് ഓൾഡ്ട്രാഫോർഡിൽ കളിച്ചതിനേക്കാൾ നല്ല ഫുട്ബോൾ ആണ് ഇന്ന് യുണൈറ്റഡ് കളിച്ചത് എങ്കിലും റൊണാൾഡോയുടെ ആ ഒരൊറ്റ നിമിഷത്തെ ബ്രില്യൻസ് മാഞ്ചസ്റ്ററിനെ കളിയിൽ പിറകിലാക്കുക ആയിരുന്നു. കളിയിലേക്ക് തിരിച്ചുവരാൻ മൗറീനോ നടത്തിയ മാറ്റങ്ങൾ പിന്നീട് ലക്ഷ്യം കണ്ടു. മാറ്റയെയും റാഷ്ഫോർഡിനെയും എത്തിച്ചതോടെ മാഞ്ചസ്റ്റർ കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞു. 85ആം മിനുട്ടിൽ സമനില ഗോളും വന്നു.

ഒരു ഫ്രീകിക്കിൽ നിന്ന് മാറ്റയാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. അത്ര മികച്ച ഫ്രീകിക്ക് ആയിരുന്നു മാറ്റയുടെ ബൂട്ടിൽ നിന്ന് പിറന്നത്. സ്പാനിഷ് മിഡ്ഫീൽഡറുടെ ഇടം കാലിൽ പിറന്ന കിക്ക് തടയാൻ ചെസ്നിക്കായില്ല. സമനില നേടി നിമിഷങ്ങൾക്കകം യുണൈറ്റഡ് വിജയ ഗോളും കണ്ടെത്തിം ഇത്തവണയും ഒരു ഫ്രീകിക്ക് ആണ് യുണൈറ്റഡിനെ തുണച്ചത്. ആഷ്ലി യങ് എടുത്ത ഫ്രീകിക്ക് ഒരു സെൽഫ് ഗോളിലിലൂടെ യുണൈറ്റഡിന്റെ വിജയ ഗോളായി മാറുകയായിരുന്നു. യുവന്റസ് ഡിഫൻഡർ ബൊണൂചിയുടെ ദേഹത്ത് തട്ടിയാണ് പന്ത് യുവന്റസിന്റെ വലയിലായത്.

യുവന്റസിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിനെ എവേ മത്സരത്തിൽ പരാജയപ്പെടുത്തുന്നത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാമത് എത്തി. 9 പോയന്റുള്ള യുവന്റസ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.