ജോബി ജസ്റ്റിൻ, ഈ താരത്തെ എങ്കിലും ഏഷ്യാ കപ്പിന് മുമ്പ് കോൺസ്റ്റന്റൈൻ കാണണം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരമായ ജോബി ജസ്റ്റിൻ കൊൽക്കത്തയിൽ താരമായി തന്നെ മാറുന്നത് ഒരു അത്ഭുതമല്ല. ജോബി ജസ്റ്റിൻ എന്ന യുവ സ്ട്രൈക്കറിന്റെ മികവ് മാത്രമാണ് കൊൽക്കത്തയിൽ ഇത്രയധികം പ്രശംസ ജസ്റ്റിന് നേടിക്കൊടുക്കുന്നത്. സീസണിൽ ഈസ്റ്റ് ബംഗാളിന്റെ ജേഴ്സിയിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ജോബി കാഴ്ചവെക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ സമയത്ത് തന്നെ ഈ സീസൺ തന്റേതാകുമെന്ന സൂചനകൾ ജോബി കാണിച്ചിരുന്നു.

ഐ ലീഗിൽ എത്തിയപ്പോൾ ദേശീയ ശ്രദ്ധ തന്നെ ജോബിയിൽ എത്തി. ഇപ്പോൾ നാലു ഗോളുകളുമായി ഈസ്റ്റ് ബംഗാളിന്റെ സീസണിലെ ടോപ്പ് സ്കോറർ ആണ് ജോബി. ഐലീഗ് ടോപ്പ് സ്കോററുടെ ലിസ്റ്റിൽ രണ്ടാമതും. ഐലീഗിലെ ആദ്യ അഞ്ചു ടോപ്പ് സ്കോറർമാരിൽ ആകെ ഉള്ള ഇന്ത്യക്കാരനും ജോബി മാത്രമാണ്. ഇന്നലെ ഗോകുലം കേരള എഫ് സിക്ക് എതിരെ ഈസ്റ്റ് ബംഗാൾ വിജയിച്ചത് ജോബിയുടെ മികവിൽ മാത്രമായിരുന്നു. ഇന്നലെ ഒരു ഗോൾ നേടിയതും ഒരു ഗോൾ ഒരുക്കി കൊടുത്തതും ജോബി ആയിരുന്നു.

ഛേത്രി കഴിഞ്ഞാൽ വേറെ ഒരു ഫോമിൽ ഉള്ള സ്ട്രൈക്കർ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇപ്പോൾ ഇന്ത്യ. ജെജെ, ബൽവന്ത് സിങ് എന്നിവരൊക്കെ തീർത്തും ഫോമില്ലാതെ തപ്പി തടയുകയാണ് ഈ സീസണിൽ. കോൺസ്റ്റന്റൈന്റെ പ്രിയ താരങ്ങളായ സുമീത് പസിയും റോബിൻ സിംഗും ഒക്കെ എങ്ങനെയാണ് കളിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ പിന്തുടരുന്നവർക്ക് അറിയുകയും ചെയ്യാം. അതുകൊണ്ട് തന്നെ രണ്ടാം സ്ട്രൈക്കറായി ജോബി ജസ്റ്റിനെ ദേശീയ ടീമിലേക്ക് വിളിക്കേണ്ടതുണ്ടെന്നാണ് കൊൽക്കത്തയിൽ നിന്നുൾപ്പെടെ വരുന്ന ആവശ്യം.

ഏഷ്യാ കപ്പ് അടുത്തിരിക്കെ ജോബി ജസ്റ്റിനെ തഴഞ്ഞ് ഒന്നിനും കൊള്ളാത്ത സ്ട്രൈക്കർമാരുമായി കോൺസ്റ്റന്റൈൻ യു എ ഇയിലേക്ക് പോകരുത് എന്നും ഫുട്ബോൾ നിരീക്ഷകർ പറയുന്നു. സന്തോഷ് ട്രോഫിയിലേയും കേരള പ്രീമിയർ ലീഗിലേയും മികച്ച പ്രകടനമായിരുന്നു ഒരു സീസൺ മുമ്പ് ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാൾ നിരയിലേക്ക് എത്തിച്ചത്.

കെ എസ് ഇ ബി താരമായി കേരള പ്രീമിയർ ലീഗിൽ ഇറങ്ങിയ ജോബി കെ എസ് ഇ ബിയുടെ 2016-17 സീസണിലെ കേരള പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. കേരളം സമീപ കാലത്ത് ഫുട്ബോളിന് സംഭാവന ചെയ്ത ഏറ്റവും മികച്ച സ്ട്രൈക്കറാണ് ജോബി. കോൺസ്റ്റന്റൈൻ മുമ്പ് വിനീതിനെ അവഗണിച്ചതു പോലെ ഇപ്പോൾ സൂസൈരാജിനെ ഒക്കെ പോലുള്ള താരങ്ങളെയുമൊക്കെ അവഗണിക്കുന്ന പോലെ ജോബിയെയും അവഗണിക്കില്ല എന്ന് പ്രതീക്ഷിക്കാം.