ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള ട്രാൻസ്ഫർ അസാധുവാക്കി കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ. എ ടി കെ തെറ്റായ രീതിയിലാണ് ജോബിയെ സ്വന്തമാക്കിയത് എന്ന ഈസ്റ്റ് ബംഗാളിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഈ വിധി വന്നിരിക്കുന്നത്.
ഈസ്റ്റ് ബംഗാളുമായി കരാറിൽ ഇരിക്കെ ആണ് എ ടി കെ നിബന്ധനകൾ ലംഘിച്ചു കൊണ്ട് ജോബിയെ സൈൻ ചെയ്തത് എന്ന് ഈസ്റ്റ് ബംഗാൾ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഈസ്റ്റ് ബംഗാളുമായി ജോബിക്ക് രണ്ട് വർഷം കരാർ ഉണ്ടായിരുന്നു എന്ന് ഐ എഫ് എ കണ്ടെത്തി. ഈ കാരണം കൊണ്ട് താരം ഈസ്റ്റ് ബംഗാളിൽ തന്നെ തുടരേണ്ടി വരും. ഒപ്പം അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും താരത്തിനും എതിരെ നടപടിയും ഉണ്ടായേക്കും. കഴിഞ്ഞ സീസണിൽ സമാനമായ ഒരു സംഭവത്തിൽ എ ഐ എഫ് എഫ് ഈസ്റ്റ് ബംഗാളിന് ട്രാൻസ്ഫർ വിലക്ക് നൽകിയിരുന്നു.
ഐ എഫ് എയുടെ വിധിക്ക് മേൽ ഇനി എ ഐ എഫ് എഫിന്റെ അന്വേഷണം കൂടെ ഉണ്ടാകും. അതിനു ശേഷമേ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.