ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 600 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സൺ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസം പാകിസ്ഥാൻ താരം അസ്ഹർ അലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ആൻഡേഴ്സൺ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സൺ 7 വിക്കറ്റുകളാണ് വീഴ്ത്തിയത്.
നേരത്തെ 563 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തായിരുന്നു ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ. 2003ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ജെയിംസ് ആൻഡേഴ്സൺ 156 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് 600 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ആൻഡേഴ്സൺ നാലാം സ്ഥാനത്താണ്. ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ(800), ഓസ്ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ (708), ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ(619) എന്നിവരാണ് ഇതിന് മുൻപ് 600 വിക്കറ്റ് നേട്ടം തികച്ച ടെസ്റ്റ് ബൗളർമാർ.