ബെൽജിയത്തിനെതിരെ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ചാഡ്‌ലിയുടെ അവസാന മിനുട്ട് ഗോളിൽ ജപ്പാൻ പരാജയപ്പെട്ടെങ്കിലും റഷ്യയിൽ നിന്ന് ജപ്പാൻ മടങ്ങുന്നത് ഫുട്ബോൾ ലോകത്തിനു മികച്ച സന്ദേശം നൽകിക്കൊണ്ടാണ്. മത്സര ശേഷം സ്വന്തം ഡ്രസിങ് റൂം മുഴുവൻ വൃത്തിയാക്കിയതിനു ശേഷമാണു ജപ്പാൻ താരങ്ങൾ ഡ്രസിങ് റൂം വിട്ടത്. 2 ഗോളിന് മുന്നിട്ട് നിന്ന മത്സരം 3-2കൈവിട്ട ജപ്പാൻ താരങ്ങൾ ഗ്രൗണ്ടിൽ കണ്ണീരണിഞ്ഞെങ്കിലും അതൊന്നും അവരെ സ്വന്തം ഡ്രസിങ് റൂം വൃത്തിയാക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല.
ഫിഫ കോ ഓർഡിനേറ്റർ പ്രിസില്ല ജെൻസ്സെൻ ആണ് ജപ്പാൻ താരങ്ങൾ മത്സര ശേഷം തങ്ങളുടെ ഡ്രസിങ് റൂം വൃത്തിയാക്കിയിട്ട വിവരം പുറത്തറിയിച്ചത്. മാത്രവുമല്ല റഷ്യൻ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് ഒരു കുറിപ്പും എഴുതി വെച്ചുകൊണ്ടാണ് ജപ്പാൻ താരങ്ങൾ ഡ്രസിങ് റൂം വിട്ടത്.
ജപ്പാൻ താരങ്ങൾക്ക് പുറമെ ആരാധകരും ഇന്നലത്തെ മത്സര ശേഷം സ്റ്റേഡിയം വൃത്തിയാക്കിയാണ് സ്റ്റേഡിയം വിട്ടത്. കഴിഞ്ഞ എല്ലാ മത്സരശേഷവും സ്റ്റേഡിയം വൃത്തിയാക്കിയാണ് ജപ്പാൻ ആരാധകർ സ്റ്റേഡിയം വിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial