ജപ്പാൻ!! നമ്മുടെ ജപ്പാൻ… ഈ അത്ഭുത പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാൻ ആകും എന്ന് ഒരു കളി എഴുത്തുകാരനും അറിയില്ല. മരണ ഗ്രൂപ്പിൽ ഇറങ്ങി ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പോവുക എന്നത് എളുപ്പമുള്ള കാര്യം അല്ല. ഇന്ന് അത്തരം ഒരു അത്ഭുത രാത്രിക്ക് സാക്ഷ്യം വഹിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് ആയി. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ച് ആയിരുന്നു ജപ്പാന്റെ ഇന്നത്തെ വിജയം.
മത്സരത്തിന്റെ തുടക്കം ഇന്ന് സ്പെയിന് അനുകൂലം ആയിരുന്നു. അവർ അനായസം ജപ്പാന്റെ 3 സെന്റർ ബാക്കുകൾക്ക് ഇടയിലൂടെ മുന്നേറ്റങ്ങൾ നടത്തി. കളി ആരംഭിച്ച് 11ആം മിനുട്ടിൽ സ്പെയിൻ ലീഡും നേടി. ആസ്പിലികേറ്റ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡ് ചെയ്ത് മൊറാട്ട വലയിൽ ആക്കി. സ്പെയിനിന്റെ ആദ്യ ഗോൾ. മൊറാട്ടയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോൾ.
ആ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി സ്പെയിൻ മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ ജപ്പാൻ രണ്ട് മാറ്റങ്ങളുമായാണ് തുടങ്ങിയത്. മിറ്റോമയും റിറ്റ്സു ഡോണും സബ്ബായി കളത്തിൽ എത്തി. ഈ മാറ്റം ശരിവെച്ചു കൊണ്ട് 48ആം മിനുറ്റിൽ ഡോൺ ജപ്പാന് സമനില നൽകി. ജപ്പാൻ താരത്തിന്റെ ഷോട്ട് ഉനായ് സിമന്റെ കയ്യിൽ തട്ടി ആണ് വലയിലേക്ക് കയറിയത്. സ്പെയിൻ ഞെട്ടിയ നിമിഷം. സ്കോർ 1-1.
സ്പെയിനിന്റെ ഞെട്ടൽ മാറും മുമ്പ് ജപ്പാന്റെ രണ്ടാം പ്രഹരം വന്നു. മറ്റൊരു സബ്ബായ മിറ്റോമയുടെ അസിസ്റ്റിൽ നിന്ന് ടനാകയുടെ ഗോൾ. മിറ്റോമയുടെ പാസ് വരും മുമ്പ് പന്ത് കോർണർ ലൈനും കഴിഞ്ഞ് പുറത്ത് പോയെന്ന് സ്പെയിൻ ആശ്വസിച്ചു. പക്ഷെ പരിശോധനയിൽ പന്ത് കളം വിട്ടു പോയില്ല എന്ന് തെളിഞ്ഞു. ജപ്പാൻ 2-1ന് മുന്നിൽ.
പിന്നെ ലൂയി എൻറികെ പല മാറ്റങ്ങളും നടത്തി നോക്കി. കളിയിലേക്ക് തിരികെ വരാൻ. പക്ഷെ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ സ്പെയിൻ പ്രയാസപ്പെട്ടു. 90ആം മിനുട്ടിൽ സ്പെയിന് രണ്ട് വലിയ അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടിനു മുന്നിലും മതിലായി ജപ്പാൻ ഡിഫൻസും ഗോണ്ടയും നിന്നും.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമ്മനി നാടകീമയായി കോസ്റ്ററിക്കയെ 4-2ന് തോൽപ്പിച്ചു എങ്കിലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ആയില്ല. സ്പെയിനും ജർമ്മനിക്കും 4 പോയിന്റ് ആണ് എങ്കിലും ഗോൾ ഡിഫറൻസിൽ സ്പെയിൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജപ്പാൻ 6 പോയിന്റുമായി ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി.