ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡെൽഹി ഡൈനാമോസ് ജംഷദ്പൂരിനെ നേരിടും. ഡെൽഹിയുടെ തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലീഗിലെ ആദ്യ ജയമാകും ആതിഥേയർ ലക്ഷ്യമിടുന്നത്. സീസണിൽ ഇതുവരെ ആറു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം നേടാൻ വരെ ഡെൽഹിക്ക് ആയിട്ടില്ല. ആകെ മൂന്ന് സമനികളാണ് ടീമിന്റെ സമ്പാദ്യം. ഡെൽഹിയുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്.
സ്ട്രൈക്കർമാരുടെ ഫോമാണ് ഡെൽഹിയുടെ പ്രധാന പ്രശ്നം. ആറു മത്സരങ്ങളിൽ നിന്നായി വെറും മൂന്ന് ഗോളുകളാണ് ഡെൽഹിക്ക് നേടാനായത്. അതിൽ രണ്ടും നേടിയത് അവരുടെ ഡിഫൻഡേഴ്സും ആണ്. അവസരങ്ങൾ എത്ര സൃഷ്ടിച്ചാലും ഗോൾ അടിക്കാൻ ആളില്ല എന്ന അവസ്ഥയാണ് ഡെൽഹി നിരയിൽ. ഡിഫൻസിലും അത്ര മെച്ചമല്ല ഡെൽഹി. ഇതുവരെ ആയിട്ട് ഒരു ക്ലീൻഷീറ്റ് മാത്രമെ ഡെൽഹിക്ക് സ്വന്തമാക്കാൻ ആയിട്ടുള്ളൂ.
മറുവശത്ത് ജംഷ്ദ്പൂർ മികച്ച ഫോമിലാണ്. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ജംഷദ്പൂർ അവസാന മത്സരത്തിൽ എഫ് സി ഗോവയെ 4-1 എന്ന സ്കോറിന് തകർത്തിരുന്നു. മിഡ്ഫീൽഡർ സൂസൈരാജിന്റെ ഗംഭീര ഫോമാണ് ജംഷദ്പൂരിന്റെ കരുത്ത്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ സൂസൈ നേടിയിട്ടുണ്ട്. ടിം കാഹിൽ ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
വൈകിട്ട് 7.30നാണ് മത്സരം നടക്കുക.