കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ നേടിയ വിജയം ഇവാൻ കലിയുഷ്നിയുടെ പേരിലാകും ഓർമ്മിപ്പിക്കപ്പെടുക. ഇവാൻ കലിയുഷ്നി പ്രീസീസണിൽ തന്നെ ആരാധകരുടെ ഇഷ്ടം നേടിയിരുന്നു. എന്നാൽ ഇന്ന് ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഇവാൻ ബെഞ്ചിൽ ആയിരുന്നു. 79ആം മിനുട്ടിൽ ആണ് ഇവാൻ കളത്തിൽ ഇറങ്ങുന്നത്. വന്ന് മിനുട്ടുകൾ വേണ്ടി വന്നില്ല താൻ ആരാണെന്ന് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് കാണിച്ചു കൊടുക്കാൻ.
ഇവാൻ തന്റെ ആദ്യ നീക്കം തന്നെ ഗോളാക്കി. മധ്യനിരയിൽ നിന്ന് പന്ത് കൈക്കലാക്കി ഒരു മാജിക് റണിലൂടെ ഇവാൻ ഐ എസ് എല്ലിന് തന്നെ പരിചയപ്പെടുത്തി കൊടുത്തു. ഒറ്റക്ക് മുന്നേറിയുള്ള ഒരു ഫിനിഷ്. രണ്ടാമത്തെ ഗോൾ ആദ്യ ഗോളിനേക്കാൾ ഗംഭീരമായിരുന്നു. ഒരു ഉഗ്രൻ ലെഫ്റ്റ് ഫൂട്ടർ ലോങ് റേഞ്ചർ. ഇനി ഒരു കളിയിൽ കൂടെ ഇവാനെ ബെഞ്ചിലിരുത്താൻകാത്ത അത്രയും ഗംഭീര പ്രകടനം.
ഉക്രയ്‌നിൽ നിന്നുള്ള മധ്യനിര താരം എഫ്‌കെ ഒലക്‌സാണ്ട്രിയയിൽ നിന്ന് വായ്‌പാടിസ്ഥാനത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്നത്. ഇരുപത്തിനാലുകാരനായ ഇവാൻ ഉക്രയ്‌ൻ ക്ലബ്ബ് മെറ്റലിസ്‌റ്റ് ഖാർകിവിനൊപ്പമാണ് തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു. മെറ്റലിസ്‌റ്റ് 1925 ഖർകിവുമായി വായ്‌പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ ഉക്രയ്‌ൻ സംഘമായ റൂഖ് ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ കളിച്ച് അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത് നേടി. 32 കളിയിൽ രണ്ട് ഗോളുകളടിക്കുകയും ചെയ്‌തു.
ഉക്രയ്‌ൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പ് ഉക്രയ്‌ൻ ലീഗ് റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ് ടോപ് ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക് ഐഎഫിലും വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.