ഇതിഹാസ താരം റോജർ ഫെഡറർക്ക് ഒപ്പം കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്ന് സാനിയ മിർസ. ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകൻ സുനിൽ ഛേത്രിയും ആയുള്ള സംഭാഷണത്തിനിടെയിൽ ആണ് സാനിയ തന്റെ അഭിപ്രായം പറഞ്ഞത്. 2014 ലിൽ മഹേഷ് ഭുബതി മുൻകൈ എടുത്തു നടത്തിയ ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിനിടെയിൽ ആണ് ഫെഡററും സാനിയയും ഡബിൾസിൽ ഒന്നിച്ചു കളിച്ചത്. ഫെഡററെ വാനോളം പുകഴ്ത്തിയ സാനിയ ഫെഡറർ ജീനിയസ് ആണെന്നും പറഞ്ഞു.
മുമ്പും ഫെഡററോടുള്ള തന്റെ ആരാധന സാനിയ വ്യക്തമാക്കിയിട്ടുണ്ട്. ‘ഏസ് അഗൈനിസ്റ്റ് ഓഡ്സ്’ എന്ന തന്റെ ആത്മകഥയിൽ ഫെഡറർ തന്റെ ജീവിതത്തെ സ്വാധീനിച്ച കഥ സാനിയ മുമ്പ് പറഞ്ഞിരുന്നു. 2008 ൽ ഇന്ത്യൻ ദേശീയ പതാക അപമാനിച്ചു എന്ന ആരോപണം നേരിട്ടപ്പോൾ ഫെഡറർ തനിക്ക് പിന്തുണയും ആയി എത്തിയതും മുംബൈ ഭീകരാക്രമണം നടന്നപ്പോൾ ആശങ്ക പങ്ക് വച്ചതും സാനിയ ആത്മകഥയിൽ പറയുന്നുണ്ട്. ടെന്നീസ് ചരിത്രത്തിലെ മഹാനായ താരം എന്നതിന് അപ്പുറം മനുഷ്യൻ ആയി മണ്ണിൽ തന്നെ നിൽക്കുന്ന ഫെഡററിന്റെ വിനയവും പ്രശസ്തി ഒന്നും തലയിൽ ഏറ്റാത്ത സ്വഭാവവും സാനിയ പ്രകീർത്തിച്ചു.