ഐ എസ് എൽ തൽക്കാലം നിർത്തിവെക്കേണ്ട എന്ന് തീരുമാനം, കൊറോണ ടെസ്റ്റുകളുടെ ഇടവേള കുറക്കും

Newsroom

20220115 092843

ഐ എസ് എൽ മാറ്റിവെക്കില്ല. ഇന്ന് നടന്ന ക്ലബുകളും ഐ എസ് എൽ അധികൃതരുമായ ചർച്ചയിൽ ലീഗ് മാറ്റിവെക്കേണ്ട എന്ന് തീരുമാനമായി. ലീഗ് മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഇപ്പോൾ പരിഗണിക്കണ്ട എന്നാണ് ഇന്ന് മീറ്റിംഗിൽ തീരുമാനം ആയത്. 2 മണിക്കൂറുകളോളം ക്ലബും ലീഗ് നടത്തിപ്പുകാരുമായി ചർച്ചകൾ നടത്തി. ലീഗ് നിർത്തി വെക്കില്ല എന്ന കാര്യം ക്ലബുകൾ താരങ്ങളെ അറിയിച്ചു കഴിഞ്ഞു.

ലീഗിൽ നടത്തി വന്നിരുന്ന കൊറോണ പരിശോധനകളുടെ ഇടവേള മാറ്റാനും തീരുമാനിച്ചു. കൊറോണ പോസിറ്റീവ് ആയവർക്ക് ഇപ്പോൾ 10 ദിവസം കഴിഞ്ഞാണ് അടുത്ത പരിശോധന നടത്തുന്നത്. അത് മാറ്റി 6 ദിവസം കൂടുമ്പോൾ ഇനി പരിശോധന നടത്തും. രണ്ട് നെഗറ്റീവ് ആയാൽ താരങ്ങൾക്കും ഒഫീഷ്യൽസിനും ഐസൊലേഷനിൽ നിന്ന് പുറത്ത് വരാനും കഴിയും. എന്നാൽ 9 ക്ലബുകളും കൊറോണയാൽ ബാധിക്കപ്പെട്ട അവസ്ഥയിൽ ഈ ആഴ്ചയിലെ മത്സരങ്ങൾ എങ്ങനെ നടത്തും എന്ന ചോദ്യം ബാക്കിയാകുന്നു. ഇതിനകം ലീഗിൽ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചു കഴിഞ്ഞു