ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ മലയാളി താരം മുഹമ്മദ് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില നേടി. ഐഎസ്എല്ലിൽ നിശ്ചിത സമയമവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളിയവസാനിപ്പിച്ചു. ഒരു ജയം നേടാനാവാതെയുള്ള മുംബൈ സിറ്റിയുടെ ആറാം മത്സരമാണ് ഇന്നത്തേത്.
മുംബൈ സിറ്റിക്ക് വേണ്ടി അഹമ്മദ് ജഹോഹ്യുടെ ഗോളിനാണ് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മറുപടി നൽകിയത്.
കളിയുടെ ആദ്യ പകുതിയിൽ തന്നെ സ്കോർ ചെയ്യാൻ മുംബൈ എഫ്സിക്കായി. പെനാൽറ്റിയിലൂടെ 30ആം മിനുട്ടിൽ മുംബൈ ഗോളടിച്ചു. 79ആം മിനുട്ടിലാണ് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ മടക്കിയത്.
കളിയുടെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും അക്രമിച്ച് തുടങ്ങി. 18ആം മിനുട്ടിൽ മൗർടഡയുടെ ഹെഡ്ഡറിനായുള്ള ശ്രമം സുഭാശിശ് വിഫലമാക്കി. മഷൂർ ഷെരീഫ് വിക്രം പ്രതാപ് സിംഗിനെ ടാക്കിൾ ചെയ്തതിന് റഫറി മുംബൈക്ക് പെനാൽറ്റി അനുവദിച്ചു. പെനാൽറ്റിയെടുത്ത അഹ്മദിന് ലക്ഷ്യം പിഴച്ചില്ല. രണ്ടാം പകുതിയിൽ മാഴ്സലിനോ മുബൈ ബോക്സിൽ പന്തെത്തിച്ചെങ്കിലും ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയി.
പിന്നീട് 79ആം മിനുട്ടിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഇർഷാദിന്റെ ഗോൾ പിറന്നു. പിന്നീട് മുംബൈ അക്രമണനിരയുടെ ശ്രമം പോയന്റ് ബ്ലാങ്കിൽ സുഭാശിശിന്റെ വെടിക്കെട്ട് സേവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയോടെ മടങ്ങുകയായിരുന്നു. കളിയവസാനിക്കും മുൻപ് ചുവപ്പ് വാങ്ങി മുംബൈയുടെ റണവാടെയും പുറത്ത് പോയി. ഐഎസ്എൽ പോയന്റ് നിലയിൽ പത്ത് പോയന്റുമായി പത്താം സ്ഥാനത്താണ് ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.