ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുക ഒട്ടും എളുപ്പമാകില്ല കേരളത്തിന്. അവസാന ഏഴു മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് മുംബൈ സിറ്റി. കേരളമാകട്ടെ ഒരു കളി ജയിച്ച കാലം മറക്കുകയും ചെയ്തു. ഇന്നും കൂടെ വിജയിച്ചില്ലായെങ്കിൽ പ്ലേ ഓഫ് എന്നത് കണക്കുകളിൽ തന്നെ ചിലപ്പോഴേ ബാക്കി ഉണ്ടാവുകയുള്ളൂ.
കഴിഞ്ഞ മത്സരത്തിൽ 40 മിനുട്ടുകളോളം 10 പേരുമായി കളിച്ച് ബെംഗളൂരുവിനെ സമനിലയിൽ തളച്ചാണ് മുംബൈ സിറ്റി വരുന്നത്. മികച്ച ഫോമിലാണ് മുംബൈ ഉള്ളത്. ലീഗിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. ഇന്ന് വിജയിച്ച് ബെംഗളൂരുവുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനാകും മുംബൈ ശ്രമം. കഴിഞ്ഞ കളിയിൽ ചുവപ്പ് കണ്ട ഷെഹ്നാജ് ഇന്ന് മുംബൈ നിരയിൽ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സ് അവസാനം വിജയിച്ചത് സീസണിലെ ആദ്യ മത്സരത്തിലാണ്. 11 മത്സരങ്ങളിൽ വെറും 9 പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ എട്ടാം സ്ഥാനത്താണ്. ആകെ 11 ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ അടിച്ചത്. പതിവു പോലെ ഇന്നും ഡേവിഡ് ജെയിംസ് നിരവധി മാറ്റങ്ങൾ വരുത്തും എന്നാണ് കരുതുന്നത്.
ഇന്നത്തെ മത്സരം കഴിഞ്ഞാൽ ഐ എസ് എല്ലിൽ ഏഷ്യാ കപ്പിനായി നീമ്മ്ട ഇടവേളയാണ്.