ഒരിക്കൽ കൂടെ കെ എൽ രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. ഇത്തവണ വിജയം ഇല്ലാ എങ്കിലും ഗോവയ്ക്ക് എതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് സമനില നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായി. പക്ഷെ അവസാന 25 മിനുട്ടോളം 10 പേരുമായി കളിച്ച ഗോവയെ പരാജയപ്പെടുത്താൻ കഴിയാതിരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് നിരാശ നൽകും.
ഇന്ന് ആദ്യ പകുതിയിൽ എഫ് സി ഗോവ ആയിരുന്നു മികച്ചു നിന്നത്. ജോർദൻ മറിയും കോസ്റ്റയും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് താളം കണ്ടെത്താനായില്ല. തുടക്കത്തിൽ ഗോവ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹൂപ്പറിന് ഒരു അവസരം കിട്ടി എങ്കിലും അത് മുതലെടുക്കാൻ അദ്ദേഹത്തിനായില്ല. കളിയിലെ ആദ്യ ഗോൾ ശ്രമം വന്നത് ഓർട്ടിസിന്റെ വക ആയിരുന്നു. ഗോവൻ താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. 25ആം മിനുറ്റിലാണ് ഗോവയുടെ ഗോൾ വന്നത്. ഓർടിസിന്റെ ഒരു ഫ്രീകിക്ക് വാളിൽ നിന്ന സഹലിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. ആൽബിനോയ്ക്ക് സേവ് ചെയ്യാൻ പറ്റുമായിരുന്ന അവസരമായിരുന്നു ഇത്.
40ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബകരി കോനെ വല കണ്ടെത്തി എങ്കിലും ഹാൻഡ് ബോൾ ആയതിനാൽ റഫറി ഗോൾ നിഷേധിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കിംഗ് മനോഭാവത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഇതിനു ഗുണവും ലഭിച്ചു. 57ആം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. ഫകുണ്ടോയുടെ കോർണറിന് ഒരു അത്ഭുതകരമായ ഉയർന്ന് ചാടിയ രാഹുൽ ഗോവൻ ഡിഫൻസിനെ ഒക്കെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു.
ഇത് കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകി. പിന്നാലെ ഗോവൻ ഡിഫൻഡർ ഇവാൻ ഗോൺസാലസ് ചുവപ്പ് കണ്ടു. ഒരു മഞ്ഞയിൽ ഒതുങ്ങേണ്ട ഫൗൾ റഫറിയുടെ ശരീരത്തിൽ തൊട്ടതിനാൽ ചുവപ്പായി മാറുക ആയിരുന്നു. ഗോവ പത്തു പേരായി ചുരുങ്ങിയതോടെ കളി കേരള ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായി. സഹലിന്റെ പാസിൽ നിന്ന് ഗാരി ഹൂപ്പറിന് ഒരു അവസരം ലഭിച്ചെങ്കിലും ഷൂട്ട് ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്സിന് വിനയായി.
ഹൂപ്പറിന് 84ആം മിനുട്ടിലും ചാൻസ് ലഭിച്ചു. ഇത്തവണ ഗോളി ഇല്ലാത്ത ഒഴിഞ്ഞ ഗോൾ പോസ്റ്റ് ഉണ്ടായിട്ടും ഷൂട്ട് ചെയ്യാതെ ഹൂപ്പർ പാസ് ചെയ്തു. ആ പാസ് മികച്ച പാസായി മാറിയതുമില്ല. വിജയിക്കാൻ ആകുമായിരുന്ന അവസരമായിരുന്നു ഇത്. ഇതിനു ശേഷം നല്ല അവസരങ്ങൾ പിറന്നതുമില്ല.
ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റായി. ബെംഗളൂരുവിനെയും ജംഷദ്പൂരിനെയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്താൻ ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനായി.