ക്രിക്കറ്റില്‍ ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും കൂള്‍ ആയി നിലകൊള്ളുന്നതിന് പേരു കേട്ടയാളാണ് എംഎസ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും സമചിത്തതയോടെ കാര്യങ്ങള്‍ നീക്കിയ താരം ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് അര്‍ഹനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ധോണിയുടെയും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്. അത്തരം ഒരു സാഹചര്യം ഐപിഎലില്‍ നടന്നതിനെക്കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഇഷാന്ത് ശര്‍മ്മ വിവരിക്കുകയുണ്ടായി.
ഐപിഎല്‍ 2019ന്റെ രണ്ടാം ക്വാളിഫയറില്‍ ആണ് സംഭവം. ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തില്‍ ധോണിയുടെ ടീമാണ് വിജയിച്ചത്. ഇഷാന്ത് ശര്‍മ്മ ക്രീസിലെത്തുമ്പോള്‍ ഡല്‍ഹി ഇന്നിംഗ്സില്‍ മൂന്ന് പന്ത് മാത്രമാണ് അവശേഷിച്ചിരുന്നത്. ധോണി തന്നെ സിക്സ് അടിക്കാനാകില്ലെന്ന് പറഞ്ഞു മത്സരത്തിന് തൊട്ടുമുമ്പ് കളിയാക്കിയിരുന്നു.
ജഡേജ എറിഞ്ഞ അവശേഷിക്കുന്ന പന്തുകളില്‍ താന്‍ ഒരു സിക്സും ഒരു ഫോറും നേടി ടീമിനെ 147 റണ്‍സിലേക്ക് എത്തിച്ചു. സിക്സും ഫോറും അടിച്ച ശേഷം താന്‍ തിരിഞ്ഞ് ധോണിയെ നോക്കിയെന്നും മഹി ജഡേജയോട് കയര്‍ത്തുവെന്നും ഇഷാന്ത് ഒരു ചാനല്‍ ഷോയില്‍ വ്യക്തമാക്കി.
മത്സരത്തില്‍ ചെന്നൈയ്ക്ക് വേണ്ടി ഷെയിന്‍ വാട്സണും ഫാഫ് ഡു പ്ലെസിയും നേടിയ അര്‍ദ്ധ ശതകങ്ങള്‍ ടീമിനെ ഡല്‍ഹിയ്ക്കെതിരെ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് എത്തുവാന്‍ സഹായിക്കുകയായിരുന്നു. ഫൈനലില്‍ ഒരു റണ്‍സിന്റെ തോല്‍വി ചെന്നൈ ഏറ്റുവാങ്ങേണ്ടി വന്നു.