സൺറൈസേഴ്സിനതിരെ ഇന്ന് നിര്‍ണ്ണായക മത്സരത്തിൽ മുംബൈയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച മുംബൈ ഇന്ത്യന്‍സ് 235 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം സൂര്യകുമാര്‍ യാദവും അടിച്ച് തകര്‍ത്തപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് മുംബൈ എത്തി.
ഐപിഎലിലെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം 16 പന്തിൽ നേടിയ ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 9.1 ഓവറിൽ 124 റൺസാണ് മുംബൈ നേടിയത്. കിഷന്‍ 32 പന്തിൽ 84 റൺസ് നേടി പുറത്തായപ്പോള്‍ 11 ഫോറും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ താരം നേടിയത്.
ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞ മുംബൈയ്ക്ക് 13ാം ഓവറിൽ കീറൺ പൊള്ളാര്‍ഡിനെയും ജെയിംസ് നീഷത്തെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമാകുകയായിരുന്നു. അഭിഷേക് ശര്‍മ്മയാണ് ഇരു വിക്കറ്റുകളും നേടിയത്.
പിന്നീട് സൂര്യുകുമാര്‍ യാദവിന്റെ തകര്‍പ്പനടികള്‍ കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സ്കോര്‍ 200 കടന്നു. അവസാന ഓവറിൽ 40 പന്തിൽ നിന്ന് 82 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്തായി. 13 ബൗണ്ടറിയും മൂന്ന് സിക്സുമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ജേസൺ ഹോള്‍ഡര്‍ നാല് വിക്കറ്റ് നേടി.