ഇഷാന്‍ കിഷന്‍, കണ്ണീരില്‍ കുതിര്‍ന്ന ദിനമെങ്കിലും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച് താരം

Sports Correspondent

കഴിഞ്ഞ ഏതാനും സീസണിലായി മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ മുംബൈയ്ക്കായി നടത്തിയിട്ടുള്ളത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് സൗരഭ് തിവാരിയെയാണ് മുംബൈ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിപ്പിച്ചത്. തനിക്ക് ലഭിച്ച അവസരം മുതലാക്കി മികവാര്‍ന്ന ഇന്നിംഗ്സ് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചുവെങ്കിലും താരത്തിന് ടീം തോല്‍വിയിലേക്ക് പോകുന്നതാണ് കാണേണ്ടി വന്നത്.

39/3 എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ച ഇഷാന്‍ കിഷന്‍ മുംബൈയെ വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചുവെങ്കിലും അവസാന നിമിഷം കാലിടറി പുറത്താകുമ്പോള്‍ 99 റണ്‍സാണ് 58 പന്തില്‍ നിന്ന് നേടിയത്.

മത്സരത്തിന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുന്നതിന് തൊട്ടുമുമ്പ് 2 പന്തില്‍ 5 റണ്‍സെന്ന നിലയിലേക്ക് പൊള്ളാര്‍ഡുമായി ചേര്‍ന്ന് ടീമിനെ എത്തിക്കുവാന്‍ ഇഷാന് സാധിച്ചിരുന്നു.

Ishankishansad

മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍ കണ്ണീരണിഞ്ഞ് ഡഗ്ഗൗട്ടിലിരിക്കുന്ന ഇഷാന്‍ കിഷന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പിന്നെ കണ്ടതെങ്കിലും താരം തന്റെ പ്രകടനത്തിലൂടെ ജനകോടികളുടെ മനസ്സില്‍ ഇടം പിടിച്ച് കഴിഞ്ഞിട്ടുണ്ട്.