ചരിത്രം കുറിയ്ക്കാനാകാതെ ഇന്ത്യ, അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ തോല്‍വി

44 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് സെമി എന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ഷൂട്ടൗട്ട് പരാജയം. നിശ്ചിത സമയത്ത് ഇന്ത്യയും അയര്‍ലണ്ടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്ക് മേല്‍ അയര്‍ലണ്ട് ആധിപത്യം നേടുകയായിരുന്നു. ആദ്യ രണ്ട് അവസരങ്ങളും ഇരു ടീമുകളും നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം അവസരം ഗോളാക്കി മാറ്റി റോയിസിന്‍ അപ്ടണ്‍ അയര്‍ലണ്ടിനെ മുന്നിലെത്തിച്ചു.

തുടര്‍ന്നുള്ള രണ്ട് അവസരങ്ങളും അലിസണ്‍ മീക്കേ, ച്ലോ വാട്കിന്‍സ് എന്നിവര്‍ ഗോളാക്കി മാറ്റി അയര്‍ലണ്ടിന്റെ സെമി സ്ഥാനം ഉറപ്പാക്കുകയായിരുന്നു. അതേ സമയം ഇന്ത്യയ്ക്കായി റീന ഖോക്കര്‍ മാത്രമാണ് ഗോള്‍ വല ചലിപ്പിച്ചത്. റാണി രാംപാല്‍, മോണിക്ക, നവ്ജോത് കൗര്‍ എന്നിവരുടെ ശ്രമങ്ങള്‍ അയര്‍ലണ്ട് ഗോള്‍ കീപ്പര്‍ അയ്ഷ മക്ഫെറാന്‍ സേവ് ചെയ്യുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial