2014ലെ ഓര്‍മ്മകളെ ഒറ്റ ഇന്നിംഗ്സില്‍ മറികടന്ന് വിരാട് കോഹ്‍ലി

2014 ഇംഗ്ലണ്ട് പരമ്പര കോഹ്‍ലി മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു പരമ്പരയായിരുന്നു. പത്ത് ഇന്നിംഗ്സുകളില്‍ നിന്നായി വെറും 134 റണ്‍സാണ് കോഹ്‍ലി അന്ന് ഇംഗ്ലണ്ടില്‍ നേടിയത്. അതിനു ശേഷം ഇംഗ്ലണ്ടിലെ തന്റെ ബാറ്റിംഗ് ശരിയാക്കുവാന്‍ കൗണ്ടി കളിക്കാന്‍ വരെ കോഹ്‍ലി തയ്യാറായിരുന്നുവങ്കിലും അതിനൊരുങ്ങുന്നതിനു മുമ്പ് പരിക്ക് വിലങ്ങ് തടിയാവുകയായിരുന്നു.

ഇപ്പോള്‍ എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ തന്റെ കഴിഞ്ഞ പരമ്പരയിലെ ദുരന്ത ഓര്‍മ്മകളെ കാറ്റില്‍ പറത്തുകയാണ് വിരാട് കോഹ്‍ലി ചെയ്തത്. ഇംഗ്ലണ്ടിന്റെ സ്കോറിനു 13 റണ്‍സ് അകലെ വെച്ച് ഇന്ത്യന്‍ നായകന്‍ പുറത്താകുമ്പോള്‍ 149 റണ്‍സാണ് 225 പന്തില്‍ നിന്ന് വിരാട് കോഹ്‍ലി നേടിയത്. 22 ബൗണ്ടറിയും ഒരു സിക്സും സഹിതമായിരുന്നു ഈ ഇന്നിംഗ്സ്.

169 റണ്‍സില്‍ ഏഴാം വിക്കറ്റായി അശ്വിന്‍ പുറത്തായി ശേഷം ഇന്ത്യ നേടിയ 105 റണ്‍സില്‍ ഷമി(2), ഇഷാന്ത് ശര്‍മ്മ(7), ഉമേഷ് യാദവ്(1*) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സംഭാവന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial