അവിശ്വസനീയം ആയ രീതിയിൽ ഫിഫ ലോകകപ്പ് പ്ലെ ഓഫ് സ്പോട്ട് സ്വന്തമാക്കി റിപ്പബ്ലിക് ഓഫ് അയർലൻഡ്. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 2-0 നു തോൽപ്പിച്ച അവർ ഇത്തവണ ഹംഗറിയിൽ ഹംഗറിയെ 3-2 എന്ന സ്കോറിന് മറികടന്നു ആണ് ലോകകപ്പ് യോഗ്യതക്ക് ആയുള്ള പ്ലെ ഓഫ് സ്പോട്ട് സ്വന്തമാക്കിയത്. ഗ്രൂപ്പ് എഫിൽ പ്ലെ ഓഫിന് ആയി സമനില മാത്രം മതിയായിരുന്ന ഹംഗറിയെ മറികടന്ന അയർലൻഡ് 10 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാർ ആയാണ് പ്ലെ ഓഫ് യോഗ്യത സ്വന്തമാക്കിയത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയിന്റ് മാത്രം ഉണ്ടായിരുന്ന അയർലൻഡ് അക്ഷരാർത്ഥത്തിൽ അത്ഭുതം ആണ് കഴിഞ്ഞ 2 മത്സരങ്ങൾ കാണിച്ചത്. പോർച്ചുഗലിനു എതിരെ ഇരട്ടഗോൾ നേടിയ ട്രോയി പാരറ്റ് നേടിയ ഹാട്രിക് ആണ് അയർലൻഡിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

മൂന്നാം മിനിറ്റിൽ തന്നെ സബസലോയുടെ പാസിൽ നിന്നു ഡാനിയേൽ ലൂക്കസ് നേടിയ ഗോളിൽ ഹംഗറി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ പതിനഞ്ചാം മിനിറ്റിൽ പെനാൽട്ടി ഗോളിലൂടെ പാരറ്റ് അയർലൻഡിന് സമനില ഗോൾ സമ്മാനിച്ചു. 37 മത്തെ മിനിറ്റിൽ കെർകസിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോൾ നേടിയ ബർണബാസ് വാർഗ ഹംഗറിയുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. തുടർന്ന് അയർലൻഡ് മുന്നേറ്റങ്ങൾ തടഞ്ഞ ഹംഗറി ലോകകപ്പ് പ്ലെ ഓഫ് ഏതാണ്ട് ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 80 മത്തെ മിനിറ്റിൽ ഫിൻ അസാസിന്റെ പാസിൽ നിന്നു ഗോൾ നേടിയ പാരറ്റ് ഐറിഷ് പടക്ക് പ്രതീക്ഷ നൽകി. സമനില മതി ആയിരുന്ന ഹംഗറി അതിനായി പ്രതിരോധ കോട്ടയും കെട്ടി. എന്നാൽ ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ലോങ് ബോളിൽ നിന്നു ലിയാം സ്കൽസിന്റെ ഹെഡർ പിടിക്കാൻ ഹംഗേറിയൻ ഗോൾ കീപ്പർ കയറി വന്നപ്പോൾ അവസരം മുതലാക്കി ഗോൾ നേടിയ പാരറ്റ് അയർലൻഡിന് സ്വപ്ന വിജയം സമ്മാനിക്കുക ആയിരുന്നു. ഐറിഷ് ചരിത്രത്തിൽ സ്വന്തം നാട്ടിൽ നിന്ന് പുറത്ത് ഒരു താരം അവർക്ക് ആയി ഹാട്രിക് നേടുന്നതും ഇത് ആദ്യമായാണ്. ഈ മികവ് തുടർന്ന് പ്ലെ ഓഫ് ജയിച്ചു ലോകകപ്പ് യോഗ്യത നേടാൻ ആവും അയർലൻഡ് ശ്രമം ഇനി.














