ഇറാനിൽ ഒരു ഫുട്ബോൾ ആരാധിക മരണത്തോട് മല്ലിടുകയാണ്. ചെയ്ത തെറ്റ് തന്റെ ഇഷ്ട ടീമിന്റെ ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിൽ പോയി കണ്ടു എന്നത്. ഇറാനിയൻ ക്ലബായ ഇസ്റ്റെഗ്ലാൽ എഫ് സിയുടെ ആരാധികയായ 29കാരിക്ക് ആണ് ഈ ദുരവസ്ഥയെ നേരിടേണ്ടി വന്നിരിക്കുന്നത്. ഇറാനിൽ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ പാടില്ല. എന്നാൽ ഇത് മറികടന്ന് ഇസ്റ്റെഗ്ലാലിന്റെ മത്സരങ്ങൾ കണ്ട് വന്നിരുന്ന ആരാധികയെ കഴിഞ്ഞ മാർച്ചിലാണ് ടെഹ്റാൻ പോലീസ് അരസ്റ്റ് ചെയ്തത്.
എ എഫ് സി ചാമ്പ്യൻസ്ലീഗ് മത്സരത്തിൽ ഇസ്റ്റെഗ്ലാൽ യു എ ഇ ക്ലബായ അൽ ഐനെ നേരിടുന്ന മത്സരം കാണാൻ ചെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് യുവതി നിയമ പോരാട്ടാം നടത്തി എങ്കിലും അവസാനം ഫുട്ബോൾ കണ്ടു എന്ന കുറ്റത്തിൽ യുവതിയെ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയിൽ നിരാശയായ യുവതി പ്രതിഷേധമായി സ്വയൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച യുവതി 90 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലിടുകയാണ്.
സ്ത്രീകളെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കുന്നത് ഫിഫ നിയമത്തിന്റെ ലംഘനമായിട്ടു പോലു 1980കൾ മുതൽ ഇറാനിൽ സ്ത്രീകൾ ഈ വിലക്ക് നേരിട്ടു പോരുന്നുണ്ട്. ഇനിയെങ്കിലും ഫിഫ ഇറാനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ നടപടി എടുക്കണം എന്നാണ് ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്.