കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച് ബി.സി.സി.ഐ. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ ഐ.പി.എല്ലിന്റെ 13മത്തെ പതിപ്പ് അനിശ്ചിതമായി നീട്ടിവെക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ ഐ.പി.എൽ മാറ്റിവെക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
നിലവിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഐ.പി.എൽ നടത്താൻ മതിയായ സാഹചര്യം ഒരുങ്ങുന്ന സമയത്ത് ഐ.പി.എൽ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ബി.സി.സി.ഐ ഇന്ത്യയിലെ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ തുടർന്നും വിലയിരുത്തുമെന്നും തുടർന്ന് സാഹചര്യങ്ങൾ അനുകൂലമാവുന്ന ഘട്ടത്തിൽ ഐ.പി.എൽ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.