ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കം അഥവാ ഇന്ത്യൻ ക്രിക്കറ്റ് സർക്കസ് ഉർഫ് ഐപിഎൽ, അടുത്ത അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് ലേലം ചെയ്ത വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും ചർച്ചയായ ക്രിക്കറ്റ് വാർത്ത. ടിവി, ഡിജിറ്റൽ, ഓവർസീസ് അവകാശങ്ങൾ എല്ലാം ഉൾപ്പടെ ഏതാണ്ട് 48000 കോടി രൂപയ്ക്കാണ് മൊത്തം ലേലം നടന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ തുകയേക്കാൾ ഏതാണ്ട് 3 ഇരട്ടിയാണ് ഇത്. ഒറ്റ നോട്ടത്തിൽ ഈ മൂന്നിരട്ടി എന്നത് ഒരു അത്ഭുതമായി തോന്നുമെങ്കിലും, കളികളുടെ എണ്ണം ഗണ്യമായി കൂടും എന്നത് ആരും ശ്രദ്ധിക്കുന്നില്ല.
പ്രത്യക്ഷത്തിൽ ആർക്കും പരാതി ഇല്ലാത്ത ഈ കച്ചവടത്തിൽ, ക്രിക്കറ്റ് സ്നേഹികൾ ആശങ്കാകുലരാണ്. വേണമെങ്കിൽ പറയാം, അവർക്ക് മാത്രം ഈ കച്ചവടത്തിൽ ലാഭം ഇല്ലാത്തത് കൊണ്ടാണെന്ന്, ബാക്കി എല്ലാവർക്കും പങ്ക് കിട്ടുന്നുണ്ടല്ലോ!
കാര്യം അത്ര സിമ്പിളല്ല, പല കാരണങ്ങൾ കൊണ്ട്. കളിയിലേക്ക് ധാരാളം പണം വരുന്നത് നല്ലത് തന്നെ. പക്ഷെ ഇവിടെ പണം വരുന്നത് ബിസിസിഐക്കാണ്. അതിലും ഒരു തിരുത്തുണ്ട്, 50% സംപ്രേഷണ വരുമാനം ഫ്രാഞ്ചൈസികൾക്കുള്ളതാണ്. ബാക്കി 50% മാത്രമാണ് ബിസിസിഐക്ക് കിട്ടുക. മുൻകാല കളിക്കാരുടെ പെൻഷൻ (അതിനെ അങ്ങനെയല്ല വിളിക്കുന്നതെങ്കിൽ കൂടി) കൂട്ടി ഈ ഐപിഎൽ പണമൊഴുക്കിന് ന്യായം പറയാൻ കാരണം കണ്ടിട്ടുണ്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിന്റെ വികസനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചു ഒന്നും പറഞ്ഞിട്ടില്ല. ഈയ്യിടെ പുറത്തു വന്ന ഒരു വാർത്തയിൽ, ഒരു സംസ്ഥാന ടീമിലെ കളിക്കാർക്ക് ആഭ്യന്തര കളികൾ നടക്കുന്ന സമയത്ത് കരാർ പ്രകാരമുള്ള 1500 രൂപക്ക് പകരം വെറും 100 രൂപയാണ് അലവൻസ് ആയി കിട്ടുന്നത്! ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
ഇപ്പോഴത്തെ ഈ കരാർ 5 വർഷത്തേക്കാണ് എന്ന് പറഞ്ഞല്ലോ. നിലവിൽ ഉള്ള 74 കളികൾ എന്നുള്ളത് പടിപടിയായി 94 കളികൾ വരെ ആയി കൂടും. അതിനർത്ഥം ഇപ്പോഴത്തെ ഒരു മാസത്തെ ഐപിഎൽ ഷെഡ്യൂൾ രണ്ട് മാസത്തോളമായി കൂടും എന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെ (ആഭ്യന്തര കാലണ്ടറിനെയും) ഇത് അലങ്കോലമാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ തന്നെ ടി20യുടെ അതിപ്രസരം ടെസ്റ്റ് ക്രിക്കറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പണത്തിന്റെ ആധിക്യം കാരണം ക്രിക്കറ്റിൽ ബിസിസിഐക്കുള്ള അപ്രമാദിത്വം ഇനിയും വർധിക്കും എന്നതാണ് മറ്റ് ബോർഡുകൾ കാണുന്ന പ്രശ്‌നം. കൂട്ടായ ചർച്ചയ്ക്ക് പകരം ഒരു അടിച്ചേൽപ്പിക്കൽ മാത്രമായി കാര്യങ്ങൾ നീങ്ങും. മറുത്ത് പറഞ്ഞാൽ ഗല്ലി ക്രിക്കറ്റിലെ പോലെ, ഔട്ടായാൽ ബാറ്റിന്റെ ഉടമസ്ഥനായ കുട്ടി അതും എടുത്ത് പിണങ്ങി വീട്ടിലേക്കു പോകുന്ന രീതിയാകും കാണാൻ സാധിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബോർഡുകൾ ബിസിസിഐയുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വരുമ്പോൾ, ആ രാജ്യങ്ങളിലെ കളിയെയും കളിക്കാരെയുമാകും അത് ബാധിക്കുക.
ഇത്രയും പണം ഒഴുകുന്ന ഒരു ടൂർണമെന്റിന്റെ പ്രാധാന്യം വർധിക്കുന്നതോടെ, ഉയർന്ന് വരുന്ന പുതുതലമുറ കളിക്കാരിലും കളിയോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകും. ടി20 കളിയാണ് ക്രിക്കറ്റ് എന്ന് ധരിച്ചു വളർന്ന് വരുന്ന ഒരു നിര കളിക്കാർ ഈ കളിയെ ഒരു തരത്തിലും മുന്നോട്ട് നയിക്കില്ല. പത്തോ പതിനഞ്ചോ പന്തുകളിൽ കളിച്ചു ബാറ്റേഴ്സിനെ റൊട്ടേഷൻ ബേസിസിൽ കളിപ്പിക്കാൻ തുടങ്ങിയാലും ഇനി അത്ഭുതപ്പെടേണ്ട.
ഐപിഎല്ലിൽ എറിയുന്ന ഓരോ ബോളിനും 50 ലക്ഷം കണക്കൊക്കെ പറഞ്ഞു നിങ്ങൾ ഐപിഎൽ നടത്തിക്കോളൂ, പക്ഷെ അത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെയും, ആഭ്യന്തര ക്രിക്കറ്റ് കളിയുടെയും ചിലവിൽ ആകരുത്. ആഭ്യന്തര ക്രിക്കറ്റ് ഇല്ലാതെ ഐപിഎൽ ഉണ്ടാകില്ല എന്നു കൂടി ഓർക്കുക. ഐപിഎൽ ടീമുകൾ ഇപ്പോഴും ഇന്ത്യൻ കളിക്കാരെ തിരഞ്ഞെടുക്കുന്നത് അവിടത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന രഞ്ജി ട്രോഫിയിലും മറ്റ് ടൂര്ണമെന്റുകളിലും കളിക്കാനായി കളിക്കാരെ തയ്യാറെടുപ്പിക്കുന്ന പ്രാദേശിക ടീമുകളുടെ അത്ര പ്രയത്നം ഒന്നും ഫ്രാഞ്ചൈസികൾ ചെയ്യുന്നില്ല എന്ന് ഓർക്കുന്നത് നല്ലത്.