ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) അന്താരാഷ്ട്ര ടി20കളേക്കാൾ കഠിനവും കോമ്പിറ്റിറ്റീവും ആണെന്ന് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൻ്റെ ഭാഗമാണ് ഗംഭീർ. ഐ പി എല്ലിന്റെ നിലവാരത്തിനൊപ്പം എത്താൻ ഇപ്പോൾ അന്താരാഷ്ട്ര ടീമുകൾക്ക് ആകുന്നില്ല എന്നും ഗംഭീർ പറഞ്ഞു.
“അന്താരാഷ്ട്ര ക്രിക്കറ്റ് മുമ്പ് ഫ്രാഞ്ചൈസി ക്രിക്കറ്റിനേക്കാൾ വളരെ കഠിനമായിരുന്നു. എന്നാൽ ഇന്ന്, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എൻ്റെ കരിയറിൻ്റെ അവസാന പകുതിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ തന്നെ, ഫ്രാഞ്ചൈസി ക്രിക്കറ്റ് അന്താരാഷ്ട്ര ടി20 ഫോർമാറ്റിനേക്കാൾ, പ്രത്യേകിച്ച് ഐപിഎൽ, കഠിനമാണെന്ന് എനിക്ക് തോന്നുന്നു,” ഗംഭീർ പറഞ്ഞു.
“എനിക്ക് മറ്റ് ലീഗുകളെക്കുറിച്ച് അറിയില്ല, കാരണം ആദ്യത്തെ മൂന്നോ നാലോ വർഷങ്ങളിൽ നിങ്ങൾ ഒരു അന്താരാഷ്ട്ര ഗെയിം കളിക്കുമ്പോൾ, നിങ്ങൾ അക്ഷരാർത്ഥത്തിൽ അഞ്ചോ ആറോ മികച്ച ബൗളർമാരെയാണ് നേരിടുന്നത്. പക്ഷേ, ഐപിഎല്ലിൻ്റെ കാര്യം വരുമ്പോൾ ആദ്യ രണ്ട് വർഷങ്ങളിൽ നിലവാരം ഇപ്പോഴുള്ളതുപോലെ മികച്ചതല്ലാത്തപ്പോൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും രണ്ടോ മൂന്നോ ആഭ്യന്തര ബൗളർമാരെ ലക്ഷ്യം വയ്ക്കാമായിരുന്നു. ഇന്ന് അത് സാധ്യമല്ല.” ഗംഭീർ പറഞ്ഞു.
“ഇന്ന് ഞാൻ അന്താരാഷ്ട്ര ടി20 ടീമുകൾ നോക്കുമ്പോൾ, രണ്ടോ മൂന്നോ ടീമുകളിൽ ഒഴികെ, വേണ്ടത്ര മികവും ടാലന്റും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയയുടെ പോലെ ടാലന്റുകളുടെ വലിയ ഡെപ്ത് നറ്റു പല ടീമുകൾക്കും ഇല്ല, അതിനാൽ, ഇന്നത്തെ കാലത്ത് ഐപിഎൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനേക്കാൾ വളരെ കോമ്പിറ്റിറ്റീവ് ആയി മാറിയെന്ന് എനിക്ക് തോന്നുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.