ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പ് പ്രതീക്ഷിച്ച പോലെ തന്നെ തുടങ്ങി, സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ ടി20 മത്സരം തോറ്റു. ഇങ്ങനെയാണെങ്കിൽ ഇനിയുള്ള 4 മത്സരങ്ങളിലും കാര്യമായ ഫലം പ്രതീക്ഷിക്കേണ്ട.
റണ് ഒഴുക്കിന് പ്രസിദ്ധിയാർജിച്ച ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ 211 റണ്ണുകൾ എടുത്ത് വമ്പ് കാട്ടാമെന്നു കരുതിയ ഇന്ത്യൻ ടീമിനെ 5 പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു.
ഇന്ത്യയുടെ ബാറ്റിംഗ് തുടക്കം നന്നായെങ്കിലും മിഡിൽ ഒവേഴ്സിൽ റണ്ണുകൾ നേടാൻ ഇഷാൻ കിഷൻ ബുദ്ധിമുട്ടി, പിന്നീട് സ്കോറിങ് വേഗത്തിൽ ആക്കിയെങ്കിലും. റിഷബ് പന്തിനെക്കാൾ മുന്നേ ഹാർദിക്കും കാർത്തിക്കും ഇറങ്ങണമായിരിന്നു. അവസാന ഓവറുകളിൽ അവർക്ക് കളിക്കാൻ ആവശ്യത്തിനു പന്തുകൾ ഉണ്ടായിരുന്നില്ല. നമ്മൾ 20 റണ്ണെങ്കിലും കൂടുതൽ എടുക്കണമായിരുന്നു.
തീരെ നിരാശപ്പെടുത്തിയത് ഇന്ത്യൻ ബോളിങ് ഡിപ്പാർട്ട്‌മെന്റാണ്. തുടക്കത്തിൽ കണ്ട അച്ചടക്കം 14 ഓവറുകൾക്ക് ശേഷം കൈവിട്ടു. മില്ലറും വാൻ ഡർ ഡസ്സനും യാതൊരു തടസ്സവുമില്ലാതെ ബാറ്റ് ചെയ്തു ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ആ കൂട്ടുകെട്ട് തകർക്കാൻ സാധിക്കാതിരുന്നത് വിനയായി. ബോളേഴ്സിന് വേണ്ട ഒരു ഒത്തൊരുമ ഗ്രൗണ്ടിൽ കണ്ടില്ല.
മുന്നിൽ നിന്നു റിഷബ് നയിക്കുന്നതായി തോന്നിയില്ല, ആദ്യ ഓവറുകളിൽ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തീരുമാനിച്ചു ഹാർദിക്കിന് ബോളിങ് കൊടുത്തത് പിഴച്ചു. സീനിയർ പ്ലയറായ കാർത്തിക്ക് ഗ്രൗണ്ടിൽ അദൃശ്യനായിരുന്നു. ടീമംഗങ്ങൾ ഇപ്പോഴും ഒരു ഐപിഎൽ ഹാങ്ങോവറിലാണ് എന്ന പ്രതീതിയാണ് കാണികൾക്ക് ലഭിച്ചത്, ഒരു ടീമായി കണ്ടില്ല. രാഹുൽ ദ്രാവിഡ് ഒന്നു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്യാപ്റ്റന്റെ നിസ്സംഗത പലപ്പോഴും ടീം അംഗങ്ങളിലേക്കും പകരുന്നതായിരുന്നു.
സീനിയർ കളിക്കാർ മാറി നിന്ന് യുവരക്തത്തിനു കൊടുത്ത ഈ അവസരം അവർ ഉപയോഗിക്കുന്നില്ല. ഇനിയുള്ള കളികളിൽ എങ്കിലും ഉണർന്നു കളിച്ചില്ലെങ്കിൽ, ഇന്ത്യൻ ടീമിലേക്ക് വേറെ ആളെ എടുക്കേണ്ടി വരും.