ഐ.പി.എൽ 2020 യിലെ ആദ്യ മത്സരത്തിൽ മുംബൈ – ചെന്നൈ പോരാട്ടം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ. ഐ.പി.എൽ ഔദ്യോഗികമായി ഫിക്സ്ചറുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ടീമുകളാവും ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് 29നാണ് മത്സരം. ആവേശകരമായ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ തവണ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവുകൂടിയാവും ഈ മത്സരം.

2020 ഐ.പി.എൽ സീസണിലെ ലീഗ് മത്സരങ്ങൾ മെയ് 17ന് അവസാനിക്കുകയും ഫൈനൽ മെയ് 24ന് നടക്കുകയും ചെയ്യും. ഐ.പി.എൽ ഔദ്യോഗിമായി ഐ.പി.എൽ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും സൺറൈസേഴ്‌സ് ഹൈദെരാബാദും തങ്ങളുടെ ഫിക്സ്ചറുകൾ പുറത്തുവിട്ടിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ആദ്യ മത്സരത്തിൽ മാർച്ച് 31ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും സൺറൈസേഴ്‌സ് ആദ്യ മത്സരത്തിൽ ഏപ്രിൽ 1ന് മുംബൈ ഇന്ത്യൻസിനെയും നേരിടും.