സ്മിത്തിനൊപ്പം ഐപില്‍ കളിച്ച അനുഭവം ഗുണകരമാകുമെന്ന് ജോഫ്ര ആര്‍ച്ചര്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ സ്റ്റീവ് സ്മിത്തിനെ മെരുക്കുവാന്‍ തങ്ങളുടെ ഐപിഎല്‍ അനുഭവം ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. താനും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും സ്മിത്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ ഒപ്പം കളിച്ചപ്പോളുള്ള അനുഭവം നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ഗുണമാകുമെന്നാണ് ജോഫ്രയുടെ പ്രതീക്ഷ.

സാധാരണയായി താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ അവര്‍ക്കൊപ്പം കളിയ്ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടും. സ്റ്റോക്സിനും തനിയ്ക്കും സ്മിത്ത് വരുമ്പോള്‍ ഈ നിരീക്ഷണങ്ങള്‍ പ്രാവര്‍ത്തികം ആക്കാനാകുമെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പ്രതീക്ഷിക്കുന്നത്. ഒരു ഘട്ടത്തില്‍ ഞാനും സ്റ്റോക്സും ഒരുമിച്ച് പന്തെറിയേണ്ടി വന്നേക്കാം, അപ്പോള്‍ സ്മിത്ത് ബാറ്റിംഗിനെത്തുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമുണ്ടെന്ന് ജോഫ്ര വ്യക്തമാക്കി.

ക്രിക്കറ്റ് ഫീല്‍ഡില്‍ സൗഹൃദപരമായ അന്തരീക്ഷമായിരിക്കില്ലെന്നും സുഹൃത്ത് ബന്ധം പുതുക്കുവാന്‍ ക്രിക്കറ്റിനു ശേഷം സമയം ഉണ്ടെന്നും ജോഫ്ര പറഞ്ഞു. സ്മിത്ത് വളരെ നല്ല വ്യക്തിയാണ്, പക്ഷേ ക്രിക്കറ്റ് ക്രിക്കറ്റാണെന്നും മത്സരം കഴിയുന്നത് വരെ സൗഹൃദത്തിന് സ്ഥാനമില്ലെന്നും ജോഫ്ര ആര്‍ച്ചര്‍. രാജസ്ഥാനില്‍ കളിക്കുമ്പോളും സ്മിത്തിന് തന്നെ നെറ്റ്സില്‍ നേരിടുവാന്‍ വലിയ താല്പര്യം ഉണ്ടായിരുന്നില്ലെന്ന് ജോഫ്ര പറഞ്ഞു. രാജസ്ഥാന്‍ ക്യാംപിലെ പല താരങ്ങള്‍ക്കും തന്നെയും ഒഷെയ്ന്‍ തോമസിനെയും നേരിടുവാന്‍ അത്ര താല്പര്യം ഇല്ലായിരുന്നു. അവര്‍ക്ക് പൊതുവേ സൈഡ്-ആം ബൗളിംഗും ത്രോ ഡൗണുകളുമാണ് പ്രിയമെന്നും ജോഫ്ര പറഞ്ഞു.