ഇന്ത്യൻ സിലക്ടർമാർ ശരിക്കും കൂടിയിരുന്നു ചിന്തിക്കണം, വേൾഡ് കപ്പിൽ ഇന്ത്യയെ ആര് നയിക്കണമെന്ന്. ഇന്നത്തെ കളി ശരിക്കും ഇരുന്ന് കണ്ടിട്ടുണ്ടെങ്കിൽ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല, അടുത്ത ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക് തന്നെ.
ടോസ് നേടി സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഹാർദിക് ഒട്ടും നിരാശനയില്ല, ടോസ് കിട്ടിയിരുന്നെങ്കിലും ഗുജറാത്ത് ബോളിങ് തന്നെ തിരഞ്ഞെടുത്തേനെ.
പിന്നീട് അങ്ങോട്ട് കണ്ടത് ഈ സീസണിലെ ബെസ്റ്റ് ക്യാപ്റ്റൻസിയാണ്. ഒരൊറ്റ രാജസ്ഥാൻ ബാറ്ററെ പോലും സെറ്റിൽ ആകാൻ ഗുജറാത്ത് ബോളർമാർ അനുവദിച്ചില്ല. വിക്കറ്റ് വീണു പുതിയ ബാറ്റർ വരുമ്പോൾ അതിനനുസരിച്ചു ബോളിങ് ചേഞ്ചസ് വരുത്തി, സ്വയം 3 വിക്കറ്റ് എടുത്തു, ഹാർദിക് മുന്നിൽ നിന്നു നയിച്ചു.
മറുവശത്ത് അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചു ബട്ളരുടെ പാർട്ണേഴ്‌സ് പവലിയനിലേക്ക് മടങ്ങി. എടുത്തു പറയേണ്ടത് രാജസ്‌ഥാൻ ക്യാപ്റ്റൻ സഞ്ജുവിന്റെ കളിയാണ്. ഇത്രയും പ്രധാനപ്പെട്ട കളിയിൽ ഒരു വശത്ത് അവരുടെ ഏറ്റവും പെർഫോമിംഗ് കളിക്കാരന് പിന്തുണ നൽകി നല്ലൊരു സ്കോറിന് ശ്രമിക്കുന്നതിനു പകരം സഞ്ജു യാതൊരു ഉത്തരവാദിത്വവും കാട്ടാതെ വിക്കറ്റ് വലിച്ചെറിഞ്ഞു. പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, ഈ ഒരു കാരണം കൊണ്ട് മാത്രമാണ് ഇന്ത്യൻ ടീമിൽ സഞ്ജുവിന് സ്ഥാനം ലഭിക്കാതെ പോകുന്നത്. മുന്നിൽ നിന്ന് നയിക്കുന്നതിന് പകരം സഞ്ജു നല്ല ഒരു അവസരം പാഴാക്കുകയാണ് ചെയ്തത്. 39 റണ്സ് എടുത്തു ബട്ളർ ഔട്ട് ആയപ്പോൾ മൊത്തം സ്‌കോർ വെറും 79 ആയിരുന്നു. ആദ്യമായി ബട്ളർ കുപിതനായിട്ടാണ് ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. തന്നെ സഹകളിക്കാർ കൈവിട്ട സങ്കടമായിരുന്നു ആ സൂപ്പർ ബാറ്ററുടെ മുഖത്ത്.
ഗുജറാത്തിന്റെ ഇന്നിംഗ്‌സിൽ ആദ്യ ഓവറുകളിൽ വിക്കറ്റ് എടുത്തും റണ് വേട്ട തടഞ്ഞും രാജസ്ഥാൻ ബോളർമാർ നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും, ഡിഫൻഡ് ചെയ്യാൻ മാത്രം വലിയ സ്‌കോർ ആയിരുന്നില്ല 130. മാത്രമല്ല, ഇവിടെയും ക്യാപ്റ്റൻ ഹാർദിക് ഗില്ലിന് വേണ്ട പിന്തുണ നൽകി അവസാന ഓവറുകൾ വരെ മുന്നിൽ നിന്നു. കൂടുതൽ സിംഗിൾസിന്റെ സഹായത്തോടെയാണെങ്കിലും കൂട്ട്കെട്ട് ഉണ്ടാക്കി അവസരത്തിന് അനുസരിച്ച് കളിച്ചു.
ഈ ഐപിഎൽ സീസണിൽ വീണ്ടും ഒരിക്കൽ കൂടി ഗുജറാത്ത് രാജസ്ഥാനെ തോൽപ്പിച്ചു, ഇത്തവണ കപ്പും നേടി. ഈ കപ്പിന് ഹാർദിക് എന്തുകൊണ്ടും അർഹനാണ്, ഹാർദിക് മാത്രമാണ് അർഹൻ. അഭിനന്ദനങ്ങൾ ഗുജറാത്ത്, അഭിനന്ദനങ്ങൾ ഹാർദിക്. ആദ്യ ഐപിഎൽ ഔട്ടിങ്ങിൽ തന്നെ കപ്പടിച്ചതിന്.