ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ഉയർന്ന നികുതി ചുമത്തി കേന്ദ്ര സർക്കാർ. 2025 സെപ്റ്റംബർ 22 മുതൽ ഐപിഎൽ ടിക്കറ്റുകൾക്ക് 40% ജിഎസ്ടി (ചരക്ക് സേവന നികുതി) ബാധകമാകും. നിലവിൽ 28% ആയിരുന്നു ജിഎസ്ടി. ഇതോടെ ഐപിഎൽ ടിക്കറ്റുകൾക്ക് വലിയ വിലവർദ്ധനയുണ്ടാകും. ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം, ആഡംബര ഉത്പന്നങ്ങൾ എന്നിവയുടെ കൂട്ടത്തിൽ ഉയർന്ന നികുതി നിരക്കിലാണ് ഇനി ഐപിഎൽ ടിക്കറ്റുകളും ഉൾപ്പെടുക.

പുതിയ നികുതി നിരക്ക് ആരാധകരെ നേരിട്ട് ബാധിക്കും. 1,000 രൂപയുടെ ടിക്കറ്റിന് ഇനി 40% ജിഎസ്ടി കൂടി ചേർത്ത് 1,400 രൂപ നൽകണം. 28% ജിഎസ്ടിയുണ്ടായിരുന്നപ്പോൾ ഇത് 1,280 രൂപയായിരുന്നു. അതുപോലെ, 500 രൂപയുടെ ടിക്കറ്റിന് 700 രൂപയും, 2,000 രൂപയുടെ ടിക്കറ്റിന് 2,800 രൂപയും ഇനി മുതൽ നൽകേണ്ടിവരും. സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണാൻ വരുന്നവർക്ക് ഇത് വലിയ സാമ്പത്തിക ഭാരമാകും. ഐപിഎൽ പോലുള്ള വലിയ ടൂർണമെന്റുകൾക്ക് മാത്രമാണ് ഈ മാറ്റം ബാധകം. സാധാരണ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇപ്പോഴും 18% ജിഎസ്ടി തന്നെയാണ്.
ഉയർന്ന നികുതി നിരക്ക് ലൈവ് മത്സരങ്ങൾ കാണാൻ വരുന്നവരുടെ എണ്ണം കുറയ്ക്കുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, ആഡംബര-വിനോദ മേഖലകളിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കമായാണ് സർക്കാർ ഇതിനെ കാണുന്നത്.