ലയണൽ മെസ്സിക്ക് ഗോളും അസിസ്റ്റും, ഇന്റർ മയാമിക്ക് വിജയം

Newsroom

ഇന്ന് മേജർ ലീഗ് സോക്കറിൽ സ്പോർട്ടിംഗ് കാൻസസ് സിറ്റിയെ നേരിട്ട ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് വിജയം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സി മയാമിയുടെ ഹീറോ ആയി.

Picsart 24 04 14 10 32 21 432
ലയണൽ മെസ്സി തന്റെ ഗോൾ ആഘോഷിക്കുന്നു

ഇന്ന് ആറാം മിനിറ്റിൽ തോമി നേടിയ ഗോളിലൂടെ കൻസസ് സിറ്റി ആയിരുന്നു ലീഡ് എടുത്തത്. ഇതിന് പതിനെട്ടാം മിനിറ്റിൽ ഗോമസിലൂടെ മയാമി മറുപടി നൽകി. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോമസിന്റെ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനിറ്റിൽ ലയണൽ മെസ്സി ഇന്റർ മയാമിയെ ലീഡിൽ എത്തിച്ചു. മനോഹരമായ സ്ട്രൈക്കിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. 58ആം മിനിട്ടിൽ തോമി വീണ്ടും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി.

പിന്നീട് 71ആം മിനിറ്റിൽ ലൂയിസ് സുവാരസാണ് മയാമിക്കായി വിജയ ഗോൾ നേടിയത്. 9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസിൽ മയാമി ഒന്നാമത് നിൽക്കുകയാണ്.