രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം തന്നെ ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിനു സന്ദര്‍ശകരെ പുറത്താക്കിയ ശേഷം ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 196 റണ്‍സിനു പുറത്താക്കി ഇന്നിംഗ്സിനും 272 റണ്‍സിനും വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റുകള്‍ നേടി വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവ് കരീബിയന്‍ സംഘത്തിനെ വെള്ളം കുടിപ്പിച്ചു.
ഇന്ത്യയ്ക്കായി കുല്‍ദീപ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി. കീറണ്‍ പവല്‍(83) മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ റോഷ്ടണ്‍ ചേസ്(53), കീമോ പോള്‍(47) എന്നിവരാണ് ടീമിനായി പൊരുതിയത്.
ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/9 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്തിരുന്നു. വിരാട് കോഹ്‍ലി, പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു.