ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കൊൽക്കത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം മാത്രമാകും സ്റ്റിമാചും സംഘവും ലക്ഷ്യമിടുന്നത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും നടത്തിയ പ്രകടനമാണ് ഇന്ത്യക്ക് ഇന്ന് വലിയ പ്രതീക്ഷ നൽകുന്നത്. ആദ്യ മത്സരത്തിൽ ഒമാനെ വിറപ്പിച്ച ശേഷമായിരുന്നു ഇന്ത്യ കീഴടങ്ങിയത്.
രണ്ടാം മത്സരത്തിൽ ആകട്ടെ ഛേത്രി വരെ ഇല്ലാഞ്ഞിട്ടും ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ നാട്ടിൽ ചെന്ന് സമനിലയിൽ പിടിക്കാൻ ഇന്ത്യൻ ടീമിനായിരുന്നു. ഇന്ന് ബംഗ്ലാദേശിനെതിരെ വിജയം നേടി ഈ ഫോം പോയന്റാക്കി മാറ്റാൻ ആകും ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റൻ സുനിൽ ഛേത്രി മടങ്ങി എത്തുന്നത് ഇന്ത്യയുടെ അറ്റാക്ക് കൂടുതൽ ശക്തമാക്കും.
ഉദാന്തയും ആശിഖുമാകും ഇന്ന് ഛേത്രിക്ക് ഒപ്പം അറ്റാക്കിംഗ് തേർഡിൽ ഉണ്ടാവുക. അറ്റാക്കിൽ അല്ല ഡിഫൻസിലാണ് ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്നത്. ജിങ്കൻ പരിക്കേറ്റ് പുറത്തായതോടെ ആരെ സെന്റർ ബാക്കായി ഇറക്കണം എന്നാകും സ്റ്റിമാച് ആലോചിക്കുന്നത്. ഫിറ്റ്നെസ് വീണ്ടെടുത്ത അനസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കൊൽക്കത്തയിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ആകും കളിക്കുന്നത് എന്നത ഇന്ത്യക്ക് ഇന്ന് വലിയ മുൻതൂക്കം നൽകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.