ഇന്ത്യൻ സൂപ്പർ ലീഗിൽ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് വഴങ്ങിയത്. ഹൈദരബാദിന് വേണ്ടി സൂപ്പർ താരം ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് ഗോളടിച്ചത്. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ഈ ജയത്തോട് കൂടി സെമി ഫൈനൽ സ്പോട്ട് ഹൈദരാബാദ് എഫ്സി ഉറപ്പിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ്
പ്ലേ ഓഫ് സ്വപ്നങ്ങളാണ് ഇപ്പോൾ തുലാസ്സിലായത്. ഇന്ന് ഹൃദയം തകർക്കുന്ന പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യ അരമണിക്കൂറിനുള്ളിൽ ഹൈദരാബാദ് എഫ്സി ലീഡ് നേടി. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി പതിവ് പോലെ ബർതലമോവ് ഒഗ്ബചെയാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്. ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല.
രണ്ടാം പകുതിയിൽ ശക്തമായ തിരിച്ച് വരവ് നടത്താനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാൽ ചരിത്രത്തിൽ ആദ്യമായി സെമിയിലേക്ക് കുതിക്കുന്ന ഹൈദരാബാദ് എഫ്സിയെ പിടിച്ച് കെട്ടാൻ പര്യാപ്തമായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാളികൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഗോൾഡൻ ചാൻസ് ബ്ലാസ്റ്റേഴ്സ് താരം ചെഞ്ചോ നഷ്ടമാക്കി.
വാസ്കസിന്റെ ത്രൂ ബോൾ സ്വീകരിച്ച ചെഞ്ചോക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ചെഞ്ചോക്ക് ഗോൾ കണ്ടെത്താനായില്ല. വൈകാതെ വീണ്ടും ഒരു ചാൻസ് കൂടെ ചെഞ്ചോക്ക് ലഭിച്ചു. ലൂണയുടെ ലോംഗ് ബോളെടുത്ത ചെഞ്ചോക്ക് ഇത്തവണയും ഗോളടിക്കാനായില്ല. 87ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഹൈദരാബാദ് എഫ്സിയുടെ രണ്ടാം ഗോൾ പിറന്നത്. സൂപ്പർ സബ്ബ് സിവേരിയോ ഹെഡ്ഡറിലൂടെ ഹൈദരാബാദ് എഫ്സിയെ സെമിയിലേക്ക് നയിച്ചു. വിൻസിയുടെ ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വരാൻ ശ്രമം നടത്തിയെങ്കിലും ഏറെ വൈകിയിരുന്നു.