തീരുമാനം അടുക്കുന്നു, ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇവർ നാലു പേരിൽ നിന്ന്!!

Newsroom

കോൺസ്റ്റന്റൈൻ രാജിവെച്ചതിനു ശേഷം പരിശീലകൻ ഇല്ലാതെ കഴിയുന്ന ഇന്ത്യൻ ഫുട്ബോളിന്റെ വിഷമം അവസാനിക്കാറായി. ഇന്ത്യയുടെ പുതിയ പരിശീലകൻ മെയ് 9ആം തീയതി പ്രഖ്യാപിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഇന്ത്യൻ പരിശീലകൻ ആകാൻ വേണ്ടി അവസാന നാലു പേരെ എ ഐ എഫ് എഫ് ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രമുഖരായ നാലു പേരാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തിന് അടുത്ത് ഉള്ളത്.

മുൻ ബെംഗളൂരു എഫ് സി പരിശീലകനായ ആൽബർട്ട് റോക, മുൻ കൊറിയൻ പരിശീലകൻ ലീ മിൻ സുംഗ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാൻ എറിക്സൺ, ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഐഗോർ സ്റ്റിമാക് എന്നിവരാണ് അവസാന നാലിൽ ഉള്ളത്. ഇവരിൽ ആരെങ്കിലും ഒരാൾ ആയിരിക്കും ഇന്ത്യയെ ഇനി നയിക്കുക.

ബെംഗളൂരു എഫ് സിയിൽ അത്ഭുതങ്ങൾ കാണിച്ച ആൽബർട്ട് റോകയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ഫുട്ബോളർമാരെ കുറിച്ചും റോകയ്ക്ക് ഉള്ള അറിവാണ് റോകയ്ക്ക് മുൻതൂക്കം നൽകുന്നത്. ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പിൽ നയിച്ച ലീ മിൻ സുംഗ് ആണ് ഈ നാലു പരിശീലകരിൽ ഏറ്റവും പ്രഗല്ഭൻ.

എറിക്സൺ മുമ്പ് വളരെ ചെറിയ കാലം മാത്രം സ്വീഡനെ പരിശീലിപ്പിച്ച കോച്ചാണ്. സ്വീഡന്റെ അണ്ടർ 21 ടീമിലായിരുന്നു എറിക്സന്റെ കൂടുതൽ കാലത്തെ പ്രവർത്തനം. 2012 മുതൽ 2013 വർവ് ക്രൊയേഷ്യൻ കോച്ചായിരുന്നു ഐഗോർ സ്റ്റിമാക്. ഈ നാലു പേരെയും ഒരിക്കൽ കൂടെ ഇന്റർവ്യൂ ചെയ്ത ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. മെയ് അവസാന വാരത്തോടെ ദേശീയ ക്യാമ്പ് ആരംഭിക്കാൻ ഉള്ളതിനാൽ നിയമനം വേഗത്തിൽ ആക്കാൻ ആണ് എ ഐ എഫ് എഫ് ശ്രമിക്കുന്നത്.