നിരാശ നൽകി ബാറ്റിംഗ്!!! ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത് വെറും 119 റൺസ്

Sports Correspondent

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 95/4 എന്ന നിലയിലായിരുന്ന ഇന്ത്യ ഇന്ന് വെറും 119 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മൂന്നാം വിക്കറ്റിൽ 39 റൺസാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റൺസായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റിൽ 31 റൺസ് നേടിയപ്പോള്‍ അതിൽ സ്കൈയുടെ സംഭാവന വെറും ഏഴ് റൺസായിരുന്നു. പന്തിന് നിരവധഇ അവസരം നൽകി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.

Picsart 24 06 09 22 44 36 287

95/4 എന്ന നിലയിൽ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തിൽ 42 റൺസാണ് പന്ത് നേടിയത്. വാലറ്റത്തിൽ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.