ബീഹാറിലെ രാജ്ഗിർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചൈനയെ 1-0ന് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ജേതാക്കളായി. മൂന്നാം പാദത്തിലെ ദീപികയുടെ നിർണായക സ്‌ട്രൈക്ക് ഇന്ത്യക്ക് കിരീടം ഉറപ്പിച്ചു കൊടുത്തു. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടവും മൊത്തത്തിൽ മൂന്നാമത്തെ കിരീടവും ഇത് അടയാളപ്പെടുത്തി. ഈ വിജയത്തോടെ എഷ്യൻ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ദക്ഷിണ കൊറിയയ്‌ക്കൊപ്പം ഇന്ത്യ എത്തി.
ഇരു ടീമുകളും അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും പ്രകടമാക്കിയ ഫൈനൽ വാശിയേറിയ പോരാട്ടമായിരുന്നു. ചൈനയുടെ സംഘടിത പ്രത്യാക്രമണങ്ങൾക്കിടയിലും, മൂന്നാം പാദത്തിൽ ലഭിച്ച പെനാൽറ്റി കോർണർ അവസരം ദീപിക ഗോളാക്കി മാറ്റിയപ്പോൾ ഇന്ത്യക്ക് സമനില തകർക്കാൻ കഴിഞ്ഞു. എന്നാൽ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മത്സരത്തിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം അവർക്ക് നഷ്ടമായി.
അവസാന പാദത്തിൽ സമനില ഗോളിനായി ചൈന ശക്തമായി ശ്രമിച്ചെങ്കിലും ഗോൾകീപ്പർ സവിത പുനിയയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം മികച്ചു നിന്നു.
ജപ്പാനെ 2-0 ന് സെമിയിൽ തോൽപ്പിച്ച് തങ്ങളുടെ ആധിപത്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. .