കളി അല്ലാതാകുന്ന കളി
ഇക്കൊല്ലത്തെ നിരാശജനകമായ ഐപിഎല്ലും, ആരും ഓർക്കാത്ത അയർലൻഡ്-ഇംഗ്ലണ്ട് ടൂറും, ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് ടൂറും, ഇതിനിടയിലെല്ലാം നടന്ന ടീമിനായുള്ള കുലുക്കിക്കുത്തിലും മനം മടുത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പൊടുന്നനെ ഒരു ഉണർവ്വ് നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഏഷ്യ കപ്പുമായി ബന്ധപ്പെട്ട വാർത്തയാണ് അത്.
ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യ കപ്പ്, അവിടത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദുബായിലേക്ക് മാറ്റിയിരുന്നു. ആഗസ്റ്റ് 27ന് തുടങ്ങി സെപ്റ്റംബർ 11ന് അവസാനിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്താൻ, പാകിസ്ഥാൻ, പിന്നെ ക്വാളിഫയിങ് മാച്ചിലൂടെ യുഎഇ, കുവൈറ്റ്, സിംഗപൂർ അല്ലെങ്കിൽ ഹോംഗ്കോങ്ങ് ഇവയിൽ ഏതെങ്കിലും ഒരു ടീമും കളിക്കും. ക്വാളിഫയിങ് കളികൾ ആഗസ്റ്റ് 20 മുതൽ 24 വരെ ഒമാനിൽ നടക്കും.
പക്ഷെ ഈ പറഞ്ഞതിൽ ഏറ്റവും വാർത്താപ്രാധാന്യം ലഭിച്ചത്, ഏഷ്യ കപ്പിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യ-പാകിസ്ഥാൻ കളിയുണ്ടാകും എന്ന വാർത്തക്കാണ്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പിൽ ഏറ്റുമുട്ടുമ്പോൾ എന്ന രീതിയിലാണ് പത്രക്കാർ അച്ചുനിരത്തി തുടങ്ങിയിരിക്കുന്നത്. ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾക്ക് 3 മണിക്കൂർ സമയത്തെ 40 ഓവറുകളിൽ പരിഹാരം കാണാൻ തയ്യാറെടുക്കുകയാണ് ഇരു രാജ്യങ്ങളിലെയും ചാനലുകൾ. പരിഹാരം എന്നു മുകളിൽ പറഞ്ഞത് തീർത്തും ശരിയല്ല, അവരവരുടെ ടീമുകളുടെ വിജയത്തിൽ കുറഞ്ഞ ഒന്നും ഇവർ പ്രതീക്ഷിക്കുന്നില്ല. റണ് ഔട്ടാക്കാൻ ശ്രമിക്കുമ്പോൾ പന്ത് ബാറ്ററുടെ ദേഹത്ത് കൊള്ളുന്നതും, ബൗണ്ടറിയിൽ കളിക്കാരനെ വെട്ടിച്ചു പന്ത് പായുന്നതും, തലയിൽ കൊള്ളുന്ന ബൗണ്സറുമൊക്കെയാണ് ചാനലുകാർക്ക് നോട്ടം. കളിയുടെ സൂക്ഷ്മത, സുന്ദര നിമിഷങ്ങൾ അവർക്ക് വേണ്ട, അതിന് മാർക്കെറ്റില്ലത്രേ.
നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം, പെട്രോൾ വില വർധന, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങി മറ്റ് ജീവിത പ്രാരാബ്ധങ്ങളിലൂടെ പോകുന്ന അയൽ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു പ്രഷർ റിലീസ് വാൽവാണ് ഈ രണ്ട് ടീമുകൾ തമ്മിലുള്ള കളി. ഇതിന് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത് തങ്ങളുടെ ടിആർപി വർധിപ്പിക്കുക എന്ന കച്ചവട തന്ത്രമാണ് ചാനലുകാരുടേത്.
കളിയിൽ, ആ ദിവസത്തെ കേമന്മാർ ജയിക്കും. ജയിച്ച രാജ്യക്കാരുടെ വക പടക്കവും ലഡ്ഡുവും, തോറ്റ രാജ്യത്തു കുറച്ചു ടീവികളും ചിലവാകും. എന്നാൽ ശുദ്ധ ക്രിക്കറ്റിന്റെ ആരാധകർ ഉറ്റുനോക്കുക ലോകത്തെ തന്നെ ഏറ്റവും നല്ല കളിക്കാർ തമ്മിലുള്ള വാശിയേറിയ കളി മാത്രമാകും. പിന്നെ, കളി കഴിഞ്ഞു ഇരു ടീമുകളുടെയും കളിക്കാർ പരസ്പരം തോളത്ത് കൈയിട്ട് ചിലവഴിക്കുന്ന നിമിഷങ്ങളും. കളിയെ, കളി മാത്രമായി കാണാൻ കഴിയുന്ന കളിക്കാർ ഉള്ളപ്പോൾ, എന്തു കൊണ്ട് അത്തരം കാണികൾ ഉണ്ടാകുന്നില്ല? ചിന്തനീയം തന്നെ.
രോഹിത് ശർമ്മയുടെ പാകിസ്താന് എതിരായ ഒരു മനോഹര ഇന്നിങ്സ് കാണാം
Story Highlights: India vs Pakistan in Asia Cup